കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചെന്ന പരാതിയിൽ കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നു. സംസ്കരിച്ച് 20 ദിവസത്തിന് ശേഷം ഇന്നലെ കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. മരണകാരണം ചികിൽസാ പിഴവാണെന്ന യുവതിയുടെ ഭർത്താവിന്‍റെ പരാതിയിലാണ് നടപടി. ശസ്ത്രക്രിയയിൽ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

കഴിഞ്ഞമാസം പതിനൊന്നിനാണ് വടക്കൻ പറവൂർ കൂട്ടുകാട് സ്വദേശി റിൻസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയെ തുടർന്ന് റിൻസിക്ക് ഹൃദയസ്തംഭനമുണ്ടായി മരിച്ചുവെന്നാണ് ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ ശ്വാസതടസമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശസ്ത്രക്രിയക്കിടെ ഉണ്ടായ പിഴവാണ് റിൻസിയുടെ ജീവനെടുത്തതെന്ന് വ്യക്തമായതായി ബന്ധുക്കൾ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭർത്താവിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ടത്. തുടർന്ന് സബ് കലക്ടറുടെ സാന്നിധ്യത്തിൽ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

അതേസമയം റിൻസിയുടെ ശസ്ത്രക്രിയയിലും ചികിൽസയിലും പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസതടസത്തെ തുടർന്നുള്ള ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാമെന്ന് അറിയിച്ചിരുന്നുവെങ്കിലും, യുവതിയുടെ ബന്ധുക്കൾ താൽപര്യം കാണിച്ചില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.