ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉയർന്നതോതിലുള്ള പണപ്പെരുപ്പ നിരക്ക് ബ്രിട്ടീഷുകാരുടെ ജീവിതം കൂടുതൽ ചിലവേറിയതാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സാധാരണ ഒരു കുടുംബത്തിന് ഏകദേശം 1800 പൗണ്ടിന്റെ അധിക ചിലവ് വാർഷിക അടിസ്ഥാനത്തിൽ ഉണ്ടാകുമെന്നുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് -19 മൂലമുള്ള സാമ്പത്തികമാന്ദ്യം, തൊഴിലാളികളുടെ ക്ഷാമം മൂലമുള്ള പ്രശ്നങ്ങൾ , ഇന്ധന ചിലവിലുള്ള വർധനവ് മുതലായവയാണ് ഉയർന്ന പണപ്പെരുപ്പ നിരക്കിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെൻറർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ചിന്റെ ഗവേഷണത്തിലാണ് ബ്രിട്ടൻ നേരിടുന്ന പണപ്പെരുപ്പ നിരക്കിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 18 മാസമായി കോവിഡ് അനുബന്ധമായ പ്രശ്നങ്ങൾക്കിടയിൽ പ്രയാസപ്പെട്ടിരിക്കുന്ന സാധാരണക്കാർക്ക് നികുതി വർദ്ധിച്ചതും വിവിധ മേഖലകളിൽ വിലകൾ കുതിച്ചുയർന്നതും ഇരുട്ടടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

എന്നാൽ വിലവർദ്ധനവ് താൽക്കാലികം മാത്രമാണെന്നും പണപ്പെരുപ്പ നിരക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ പല കുടുംബങ്ങളും തങ്ങളുടെ പ്രതിദിന ചിലവുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാകുകയാണ്. ക്രിസ്മസ് തുടങ്ങിയ വിശേഷ അവസരങ്ങളിലെ അധിക ചിലവിലേയ്ക്ക് മിച്ചം വയ്ക്കാൻ ഒരു സാധാരണ കുടുംബത്തിന് ദൈനംദിന ചിലവുകൾ വളരെയേറെ കുറയ്ക്കേണ്ടതായി വരുമെന്നാണ് മണി മെയിൽ നടത്തിയ സർവ്വേ സൂചിപ്പിക്കുന്നത്.