ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുതിച്ചുയരുന്ന ഭക്ഷ്യവിലയും എനർജി ബിൽ പ്രതിസന്ധിയും കാരണം പണപെരുപ്പ നിരക്ക് കഴിഞ്ഞ വർഷം 5.4 ശതമാനമായി ഉയർന്നു. മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായി മാറി. ഗ്യാസിന്റെയും വൈദ്യുതിയുടെയും ചെലവ് ഇനിയും ഉയരുമെന്നതിനാൽ പണപെരുപ്പം ഈ വർഷം വർധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ എത്തിയത് 1992 മാർച്ചിൽ ആയിരുന്നു. 7.1% ആയിരുന്നു പണപ്പെരുപ്പ നിരക്ക്. ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്ന നികുതി വർധന കൂടിയാവുമ്പോൾ സാധാരണക്കാർ കടുത്ത പ്രതിസന്ധിയിലാവും.

ഫെബ്രുവരി ആദ്യം എനർജി റെഗുലേറ്റർ പുതിയ എനർജി പ്രൈസ് ക്യാപ് പ്രഖ്യാപിക്കും. ഏപ്രിലിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഗ്യാസ് വില 50% വരെ ഉയരുമെന്നാണ് സൂചന. ഫുഡ് ബാങ്കുകളുടെ ഉപയോഗത്തിൽ വർധന കാണുന്നുവെന്ന് സൂപ്പർമാർക്കറ്റ് ശൃംഖലയായ ഐസ്‌ലാൻഡിന്റെ മേധാവി റിച്ചാർഡ് വാക്കർ വെളിപ്പെടുത്തി. “പലരും ആഴ്ചയിൽ 25 പൗണ്ട് മാത്രമാണ് ഭക്ഷണത്തിനായി ചെലവാക്കുന്നത്. അവർ ഇതിനകം തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷണം, വസ്ത്രങ്ങൾ, ഫർണിച്ചർ എന്നിവയുടെ വിലയിലുണ്ടായ വർധനയും ഡിസംബറിലെ ജീവിതച്ചെലവ് വർധിക്കാൻ കാരണമായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. പൊതുജനങ്ങൾ അഭിമുഖീകരിക്കുന്ന സമ്മർദ്ദങ്ങൾ തനിക്ക് മനസ്സിലായെന്ന് ചാൻസലർ ഋഷി സുനക് പറയുന്നെങ്കിലും ഉചിതമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. ഇത് വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്.