ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിച്ചേർന്നു. ഇന്ത്യയുടെ മരുമകൻ ആയതിനാൽ ജി 20 ഉച്ചകോടിക്കുള്ള യാത്ര പ്രിയപ്പെട്ടതാണെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞത് വളരെ പെട്ടെന്ന് മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപകരിൽ ഒരാളായ എൻ. ആർ. നാരായണമൂർത്തിയുടെ മകളാണ് അക്ഷത മൂർത്തി. റിഷി സുനകും ഇന്ത്യൻ വംശജനാണ്. പ്രധാനമന്ത്രിയായതിനുശേഷമുള്ള ആദ്യ ഇന്ത്യൻ സന്ദർശനം ആയതുകൊണ്ട് തന്നെ റിഷി സുനകിന്റെ ഇന്ത്യാ സന്ദർശനം ചരിത്രത്തിൽ ഇടം പിടിക്കുന്നതായി.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന രാഷ്ട്രത്തലവൻമാരെയും നയതന്ത്ര പ്രതിനിധികളെയും കൊണ്ട് ഇന്നലെ മാത്രം 21 പ്രത്യേക വിമാനങ്ങളാണ് ഡൽഹിയിൽ വന്നിറങ്ങിയത്. റഷ്യയുടെയും ചൈനയുടെയും തലവന്മാരില്ലാതെ ഇന്നാരംഭിക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമായും 4 മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്. വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ ധനസഹായം ലഭ്യമാക്കുക, രാജ്യാന്തര കടം ഏറ്റെടുപ്പ് സംവിധാനത്തിൽ കൂടുതൽ സുതാര്യത, ക്രിപ്റ്റോ കറൻസിയെ നിയന്ത്രിക്കാൻ പുതിയ സംവിധാനം, യുദ്ധവും മറ്റ് പ്രശ്നങ്ങളും ഭക്ഷ്യവിതരണവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയെ ബാധിക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കുക എന്നീ 4 വിഷയങ്ങളിലാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ടതാണ് ജി 20 . തൻറെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ റിഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുമായി നടത്താനിരിക്കുന്ന ചർച്ചകളെ ഈ രാജ്യങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. യുകെ- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചാണ് പ്രധാനമായും ഇരു പ്രധാനമന്ത്രിമാരും തമ്മിൽ ചർച്ചകൾ നടക്കുക. ഈ വർഷാരംഭത്തിന് മുമ്പായി കരാർ നിലവിൽ വരുമെന്നാണ് ഇന്ത്യയുടെ ധനമന്ത്രിയായ നിർമലാ സീതാരാമൻ നേരത്തെ പറഞ്ഞത്. എന്നാൽ കരാർ നിലവിൽ വരാനുള്ള സമയ പരുധിയെ കുറിച്ച് എന്തെങ്കിലും സൂചനകൾ തരാൻ യുകെ ഇതുവരെ തയ്യാറായിട്ടില്ല.
Leave a Reply