സ്വന്തം ലേഖകൻ

നോർത്ത് വെയിൽസ് : ലോകജനതയെ തന്നെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. അതോടൊപ്പം തന്നെ രോഗത്തെ സംബന്ധിച്ചുള്ള ആശങ്കയും മിക്ക ആളുകളുടെയും മനസ്സിൽ ഉയരുന്നു. രോഗാവസ്ഥയെക്കുറിച്ചും ലക്ഷണങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ ഓർത്ത് ജനങ്ങൾ ആശങ്കാകുലരാണ്. ഇതിനിടെ ബ്രിട്ടനിലെ ആദ്യ കൊറോണ ബാധിതൻ തന്റെ രോഗാവസ്ഥ വെളിപ്പെടുത്തുകയുണ്ടായി. ചൈനയിലെ വുഹാനിൽ ജോലി ചെയ്തിരുന്ന നോർത്ത് വെയിൽസ് സ്വദേശി കോന്നർ റീഡ് (25) ആണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്.

നവംബർ 25നാണ് രോഗലക്ഷണങ്ങൾ ആദ്യം കാണപ്പെട്ടുതുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. താൻ തുടർച്ചയായി മൂക്ക് ചീറ്റിയിരുന്നതായും കണ്ണുകൾ വിളറിയിരുന്നതായും അദ്ദേഹം പറഞ്ഞു. കനത്ത പനി ഉണ്ടെന്ന് ഭയന്നാണ് ഏഴുമാസം ട്യൂട്ടർ ആയി ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്ന് അദ്ദേഹം അവധിയെടുത്തത്. രണ്ടാം ദിവസം കനത്ത തൊണ്ടവേദന അനുഭവപ്പെട്ടു. അപ്പോൾ തേനും ചൂടുവെള്ളവും ചേർത്ത് ഔഷധമായി കുടിച്ചു. താൻ മദ്യപിക്കാറില്ലെങ്കിലും ചികിത്സയുടെ ഭാഗമായി തേനിൽ വിസ്കി ചേർത്ത് കഴിച്ചതായും റീഡ് വെളിപ്പെടുത്തി. തുടർന്ന് രോഗം കുറഞ്ഞു വീണ്ടും ജോലിക്ക് പോയി തുടങ്ങി. എന്നാൽ ഏഴാം ദിനം ജലദോഷത്തോടൊപ്പം ദേഹമാസകലം വേദനയും വന്നപ്പോൾ സ്ഥിതി വഷളായി. ശക്തമായ ചുമയും വിറയലും തൊണ്ടയ്ക്ക് തടസ്സവും അനുഭവപ്പെട്ടതായി റീഡ് പറഞ്ഞു. ഭക്ഷണം കഴിച്ചില്ലെന്ന് മാത്രമല്ല കുറച്ചു ദിവസങ്ങൾക്കു ശേഷം ശരീര താപനില ഉയരുകയും ചെയ്തു. കോന്നറിന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു ചെറിയ പൂച്ചക്കുട്ടി പെട്ടെന്ന് മരിച്ചതായും അദ്ദേഹം ഓർക്കുന്നു.

ഡിസംബർ 6 ഉച്ചകഴിഞ്ഞ്, ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി അദ്ദേഹത്തിന് തോന്നി. “ടെലിവിഷൻ ഓണാണെങ്കിലും തനിക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല. ബാത്‌റൂമിൽ പോയപ്പോൾ ശരീരം വിറയ്ക്കുന്നതായി അനുഭവപ്പെട്ടു. കുറച്ച് കഴിഞ്ഞ് ശ്വാസം വലിക്കാൻ പോലും കഴിയാതായി.” റീഡ് വെളിപ്പെടുത്തി. തുടർന്നാണ് സോങ്‌നാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് ഒരു ടാക്സി എടുത്ത് അദ്ദേഹം പോയത്. ന്യൂമോണിയ ആണെന്ന് പറഞ്ഞു ഡോക്ടർമാർ ചികിത്സിച്ചെങ്കിലും തിരികെയെത്തിയ റീഡ് മരുന്നുകൾ കഴിക്കുവാൻ തയ്യാറായില്ല. അതിനുശേഷമുള്ള ദിവസങ്ങൾ കഠിന വേദനയിലൂടെയാണ് ജീവിച്ചതെന്നും 22ആം ദിനമാണ് ജോലിക്ക് പോകാൻ പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 52 ആം ദിനമാണ് തനിക്ക് കൊറോണ ബാധിച്ച കാര്യം അറിഞ്ഞതെന്നും ആ സമയത്ത് ചൈനയിൽ മിക്ക സ്ഥലങ്ങളിലും രോഗം പൊട്ടിപുറപ്പെട്ടതായി അറിഞ്ഞെന്നും റീഡ് വെളിപ്പെടുത്തി.

രോഗത്തിൽ നിന്ന് സുഖപ്പെട്ട റീഡ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. കൊറോണ വൈറസ് കേസുകളിൽ യുകെയിൽ ഇന്നലെ ഏറ്റവും വലിയ ദൈനംദിന വർദ്ധനവ് രേഖപ്പെടുത്തി. 87 പേർക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകത്താകമാനം 90,000ത്തിൽ അധികം കേസുകളും മൂവായിരത്തിലധികം മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.