ന്യൂസ് ഡെസ്ക്, മലയാളം യുകെ

പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും പ്രധാനമന്ത്രി ഋഷി സൂനകിനെ ബാധിച്ചിട്ടില്ല. ഒരു വർഷം കൊണ്ട് ഋഷി സുനകിന്റെയും ഭാര്യ അക്ഷതാ മൂർത്തിയുടെയും സ്വകാര്യസമ്പത്ത് കുതിച്ചുയർന്നത് 120 മില്യൺ പൗണ്ടാണ് . ഇതോടെ സമ്പന്നരുടെ പട്ടികയിൽ ഇവരുടെ സ്ഥാനം ഉയർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സുനകിന്റെയും മൂർത്തിയുടെയും സമ്പത്ത് 651 മില്യൺ പൗണ്ടായാണ് കണക്കാക്കപ്പെടുന്നത്. ഇത് 2023 -ൽ 529 മില്യൺ പൗണ്ടായിരുന്നു. ഇവരുടെ സ്വത്തിൽ കഴിഞ്ഞവർഷം ഉണ്ടായ ഉയർച്ചയിൽ കൂടുതലും അക്ഷതാമൂർത്തിയുടെ പിതാവ് നാരായണമൂർത്തി സ്ഥാപിച്ച ഇന്ത്യൻ ഐടി സ്ഥാപനമായ ഇൻഫോസിസുമായി ബന്ധപ്പെട്ടാണ്.

ഋഷി സുനകിൻ്റെ നേതൃത്വത്തിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. എന്നാൽ അഭിപ്രായ സർവേകളിൽ നിലവിലെ ഭരണപക്ഷം വളരെ പിറകിലാണ്. തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ എംപിയായി തുടരുമെന്ന് ഋഷി സുനക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചാൾസ് രാജാവിന്റെയും സമ്പത്ത് 600 മില്യണിൽ നിന്ന് 610 മില്യൺ പൗണ്ടായി ഉയർന്നു.