ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ ഈ വേനൽക്കാലത്ത് റിച്ച്മണ്ട് എംപിയായിരുന്ന റിഷി സുനക് പ്രധാനമന്ത്രി ലിസ് ട്രസിനോട് പരാജയപ്പെട്ടപ്പോൾ, അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റിൽ തിരിച്ചെത്തുമെന്ന് ഒരാളും കരുതിയിരുന്നില്ല. എന്നാൽ രാഷ്ട്രീയമായി അസാധാരണമാം വിധം പ്രക്ഷുബ്ധമായ ദിവസങ്ങൾക്കുശേഷം, ദീപാവലി ദിനത്തിൽ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിൽ എത്തിയ ആദ്യ ഇന്ത്യൻ വംശജനായി മാറിയിരിക്കുകയാണ്. ബ്രിട്ടന്റെ ചരിത്രത്തിലെ വെളുത്ത വർഗ്ഗക്കാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയും, അതോടൊപ്പം തന്നെ ഹിന്ദുമത വിശ്വാസത്തിലുള്ള ആദ്യ പ്രധാനമന്ത്രിയുമായി റിഷി സുനക് മാറും.

കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വത്തിൽ എത്തുവാൻ ആവശ്യമായ 100 എംപിമാരുടെ പിന്തുണ സുനകിന് മാത്രമാണ് ലഭിച്ചത്. ഞായറാഴ്ച ബോറിസ് ജോൺസൺ മത്സരത്തിൽ നിന്ന് പിൻ വാങ്ങുകയും, എതിരാളിയായ പെന്നി മോർഡോണ്ടിന് ആവശ്യമായ വോട്ടുകൾ ലഭിക്കാതെ വരികയും ചെയ്തതിനെ തുടർന്നാണ് റിഷി സുനക് പ്രധാനമന്ത്രിപദത്തിലേക്ക് വിജയിച്ചത്. രണ്ട് മാസത്തിനിടെ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായാണ് സുനക് ചുമതല ഏൽക്കുന്നത്.
ചാൻസിലർ, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ക്യാബിനറ്റ് റോളുകളിലേക്ക് വെളുത്ത വർഗ്ഗക്കാരല്ലാത്ത രാഷ്ട്രീയക്കാരെ നിയമിക്കുന്നതിൽ പ്രകടമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, യുകെയിൽ സുനകിന് മുൻപ് ഒരു വെളുത്ത വർഗ്ഗക്കാരനല്ലാത്ത പ്രധാനമന്ത്രി ഉണ്ടായിട്ടില്ല.

യുകെയിലെ സൗത്ത്ഹാംപ്ടൺ ഏരിയയിൽ ഒരു ഇന്ത്യൻ കുടുംബത്തിൽ ജനിച്ച റിഷി സുനക് ഫാർമസിസ്റ്റായ അമ്മയുടെയും നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ജനറൽ പ്രാക്ടീഷണറായ (ജിപി) പിതാവിന്റെയും മകനാണ്. സുനകിന്റെ ഗ്രാൻഡ്പേരെന്റ്സ് പഞ്ചാബിൽ നിന്നുള്ളവരാണ്. റിപ്പോർട്ടുകൾ പ്രകാരം, സുനക്കിന്റെ കുടുംബം കിഴക്കൻ ആഫ്രിക്കയിൽ മെച്ചപ്പെട്ട ജീവിതം തേടി കുടിയേറി. എന്നാൽ ഇന്ത്യക്കാർക്കെതിരായ വ്യാപകമായ വികാരങ്ങൾക്കിടയിൽ പ്രദേശത്ത് പ്രശ്‌നങ്ങൾ ആരംഭിച്ചപ്പോൾ, അദ്ദേഹത്തിന്റെ മുത്തച്ഛൻ ബ്രിട്ടനിലേക്ക് കുടിയേറ്റം നടത്തി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദധാരിയുമാണ് സുനക്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 2009 ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്, അനുഷ്കയും കൃഷ്ണയും.
	
		

      
      



              
              
              




            
Leave a Reply