ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഒരു രാജ്യത്ത് നിയമം എല്ലാവർക്കും ഒരുപോലെയാണെന്നാണ് പൊതുവെ പറയാറുള്ളത്. പക്ഷെ, കാര്യത്തോട് അടുക്കുമ്പോൾ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് അകലുന്നവരാണ് അധികാരികൾ ഉൾപ്പടെയുള്ള ഭരണവർഗം. ഇന്ത്യയിലെ സാഹചര്യവും തികച്ചും വ്യത്യസ്തമല്ല. റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി അമിത വേഗത്തിൽ പറന്നു നടക്കുന്ന മന്ത്രിമാരും ഭരണകൂട മേലാളൻമാരും നമ്മുടെ നാട്ടിലെ നിത്യസംഭവങ്ങളാണ്. എന്നാൽ അതിന് പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഓടുന്ന കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ പ്രധാനമന്ത്രി വീഡിയോ ചിത്രീകരിച്ച സംഭവം ഇതിനോടകം തന്നെ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ അതിന്റെ പിഴ അദ്ദേഹത്തിനെതിരെ ചുമത്തി അധികൃതർ രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും, അതിൽ വലിയവനെന്നോ, ചെറിയവനെന്നോ ഉള്ള വ്യത്യാസം ഇല്ലെന്നുമുള്ള വലിയ സന്ദേശം പങ്കുവെച്ചിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ സീറ്റ് ബെൽറ്റ് ഊരി മാറ്റുകയായിരുന്നു. ഇന്നലെ തന്നെ ഈ വാർത്ത പുറത്ത് വന്നിരുന്നു. വീഡിയോ ചിത്രീകരിക്കാൻ പോയപ്പോൾ ഉണ്ടായ തെറ്റാണെന്നും, അദ്ദേഹം ക്ഷമാപണം നടത്തിയെന്നും ഓഫീസ് അറിയിച്ചു.
സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രകൾക്ക് 100 പൗണ്ടാണ് പിഴയായി ഈടാക്കുന്നത്. എന്നാൽ അതേസമയം കേസ് കോടതിയിൽ പോയാൽ പിഴ 500 പൗണ്ടാകും. ഔദ്യോഗിക ചുമതലയിലിരിക്കെ ഇത് രണ്ടാം തവണയാണ് ഋഷി സുനകിനെതിരെ പിഴ ചുമത്തുന്നത്. 2020 ൽ കോവിഡ് 19 നിയന്ത്രണങ്ങൾ മറികടന്ന് ബോറിസ് ജോൺസന്റെ ജന്മദിനത്തിൽ പങ്കെടുത്തതിന് സമാനമായ നടപടി എടുത്തിരുന്നു. ഫിക്‌സഡ് പെനാൽറ്റി നോട്ടീസ് എന്നത് നിയമം ലംഘിക്കുന്നതിനുള്ള പിഴ എന്നാണ് അർത്ഥമാക്കുന്നത്. അത് 28 ദിവസത്തിനുള്ളിൽ അടയ്‌ക്കണം. ഇല്ലാത്തപക്ഷം പോലീസ് കേസ് അന്വേഷിച്ചു കോടതിയെ സമീപിക്കും.
എന്നാൽ അതേസമയം, ഋഷി സുനക് മൊത്തം ബാധ്യതയാണെന്ന് ലേബർ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ ഏഞ്ചല റെയ്‌നർ ട്വീറ്റ് ചെയ്തു. പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുൾപ്പടെ വലിയ വിമർശനമാണ് സംഭവത്തിൽ ഉയർന്നത്. എന്നാൽ പിഴ അടയ്‌ക്കുന്നതോടെ പ്രശ്നങ്ങൾ എല്ലാം ഒതുങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഒരേ നിയമം രണ്ട് രീതിയിലാണ് നിലനിൽക്കുന്നതെന്ന് പറയാതെ വയ്യ. റോഡ് നിയമങ്ങൾ കാറ്റിൽ പറത്തിയാണ് മന്ത്രിമാർ ഉൾപ്പടെയുള്ള ഭരണവർഗം യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ അപകടങ്ങളും നിത്യ സംഭവങ്ങളാണ്. അമിത വേഗതയും, സുരക്ഷാ മാനദണ്ഡങ്ങൾ മറന്നുള്ള ഇത്തരം യാത്രകൾക്ക് കടിഞ്ഞാൺ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ യുകെ മോഡൽ കണ്ടുപഠിക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്
Leave a Reply