ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ടോറി എംപി മാരുടെ യോഗത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം. കുറച്ചു ദിവസങ്ങളായി ലിസ് ട്രസും പാർട്ടിയും തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിലാണിത്. പുത്തൻ നയങ്ങൾ പ്രധാനമന്ത്രിക്ക് തന്നെ തിരിച്ചടിയാകുമെന്നും എം പി മാർ വിലയിരുത്തി. എന്നാൽ ലിസ് ട്രസ് അനുകൂലികൾ പിന്തുണയുമായി രംഗത്തുണ്ട്. നികുതി വെട്ടികുറയ്ക്കാനുള്ള തീരുമാനം കനത്ത പ്രഹരമായിരിക്കും ഏൽപ്പിക്കുന്നത് എന്നുള്ളതും വിമർശനമായിട്ട് ഉയർന്നു വന്നു.

യോഗത്തിൽ നികുതി ഒഴിവാക്കുന്ന നടപടിയെ ലിസ് ട്രസ് ന്യായീകരിച്ചു. സെപ്തംബർ 23-ന് ചാൻസലറുടെ മിനി-ബജറ്റ്, വായ്പയെടുത്ത് ഫണ്ട് ചെയ്ത 45 ബില്യൺ പൗണ്ട് നികുതി വെട്ടിക്കുറവ് എന്നിവ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടെന്നും പെൻഷൻ ഫണ്ടുകൾ സംരക്ഷിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെടേണ്ടി വന്ന സാഹചര്യത്തെയും യോഗം വിലയിരുത്തി.

ഒക്‌ടോബർ 31-ന് എങ്ങനെ പാക്കേജിന് ധനസഹായം നൽകുമെന്നും കടം കുറയ്ക്കുമെന്നും ക്വാസി ക്വാർട്ടെംഗ് തീരുമാനിക്കും. പൊതുചെലവ് വെട്ടിക്കുറയ്ക്കാൻ നടപടികൾ കൈകൊള്ളൂമെന്ന വാർത്ത ലിസ് ട്രസ് നിഷേധിച്ചു. എന്നാൽ കടം കുറയ്ക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധയെന്നും അവർ പറഞ്ഞു.