ന്യൂസ് ഡെസ്ക് മലയാളം യുകെ
കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച കുടിയേറ്റ നയം പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടിയായാണ് കരുതപ്പെടുന്നത്. എന്നാൽ അതിലുപരി യുകെയിൽ തന്നെയുള്ള പല കുടുംബങ്ങളുടെയും വേർപിരിയലിലേയ്ക്ക് നയിക്കുന്ന രീതിയിലാണ് പുതിയ കുടിയേറ്റ നയം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത തവണ വിസ പുതുക്കാൻ വരുമ്പോൾ പല ബ്രിട്ടീഷ് വംശജരുടെയും വിദേശ പങ്കാളികളോട് രാജ്യം വിടാൻ ആവശ്യപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ .
തങ്ങളുടെ കുടുംബത്തെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള മിനിമം ശമ്പളപരിധി 38,700 പൗണ്ട് ആയി ഉയർത്തിയതാണ് ഇതിന് പ്രധാന കാരണമായി വിമർശകർ ചൂണ്ടി കാണിക്കുന്നത്. നിലവിൽ ഇത് 18,000 പൗണ്ട് മാത്രമാണ് . പുതിയ നിയമം നിലവിൽ വരുന്നതോടെ 38,700 പൗണ്ടിന്റെ വരുമാന പരുധിയിൽ താഴെ ശമ്പളമുള്ള ബ്രിട്ടീഷുകാരുടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾക്ക് രാജ്യം വിടേണ്ടതായി വരും. കുടിയേറ്റം 745,000 ആയി ഉയർന്നത് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള പുതിയ നിയമം കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങൾ ആണ് ഉയർത്തുന്നത് എന്നാണ് വിമർശകർ ചൂണ്ടി. കാണിക്കുന്നത്. കുടിയേറ്റം കുറയ്ക്കണമെന്ന് വാദിക്കുമ്പോഴും പുതിയ നിയമത്തെക്കുറിച്ച് കടുത്ത വിരുദ്ധാഭിപ്രായം ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ട് . കുടുംബത്തെ യുകെയിൽ കൊണ്ടുവരാനായി ഏർപ്പെടുത്തിയ മിനിമം ശമ്പള പരുധി നിലവിലുള്ളതിൽ നിന്ന് 18, 600 വർദ്ധിപ്പിച്ചതിനെ ടാക്സ് ഓൺ ലവ് എന്നാണ് പലരും വിശേഷിപ്പിച്ചത്.
ഏറ്റവും സമ്പന്നർക്ക് മാത്രമേ പ്രണയിക്കാനും വിവാഹം കഴിക്കാനും സാധിക്കുകയുള്ളൂ എന്നത് ധാർമ്മികമായി തെറ്റാണെന്നാണ് ഇതിനെക്കുറിച്ച് മുൻ ടോറി മന്ത്രി ഗാവിൻ ബാർവെൽ പ്രതികരിച്ചത്. യുകെയിലേയ്ക്ക് ഇനി വരാനിരിക്കുന്നവരെ ബാധിക്കുന്നതിനോടൊപ്പം നിലവിൽ ഉള്ളവരെയും പുതിയ കുടിയേറ്റ നയം ബാധിക്കുമെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 10 വർഷമായി വരുമാന പരുധി പുതുക്കിയിരുന്നില്ല എന്നാണ് പ്രസ്തുത വിഷയത്തിൽ സർക്കാർ പ്രതികരിച്ചത്. പുതിയ നിയമം അനുസരിച്ച് വിസ പുതുക്കലിന്റെ സമയത്ത് അപേക്ഷകൾ നിരസിച്ചാൽ കടുത്ത പ്രത്യാഘാതങ്ങളാണ് പല കുടുംബങ്ങളും കാത്തിരിക്കുന്നത്. രാജ്യങ്ങൾ വിഭജിക്കപ്പെടുമ്പോൾ വേർപിരിയുന്ന കുടുംബങ്ങളുടെ അവസ്ഥയിലേക്ക് ഒട്ടേറെ പേർ യുകെയിൽ എത്തിച്ചേരും എന്നാണ് പുതിയ കുടിയേറ്റ നയത്തെ കുറിച്ച് സാമൂഹ്യ നിരീക്ഷകർ വിലയിരുത്തുന്നത്. പുതിയ കുടിയേറ്റ നിയമങ്ങൾ മൂലം യുകെയിലേക്ക് മടങ്ങാനുള്ള തങ്ങളുടെ സ്വപ്നങ്ങൾ തകിടം മറിച്ചതായി യുവ ശാസ്ത്ര ദമ്പതികളായ ജോസിയും ജോവാൻ ഫെറർ ഒബിയോളും മാധ്യമങ്ങളോട് പറഞ്ഞതിന് വൻ വാർത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. ബെൽഫാസ്റ്റിൽ നിന്നുള്ള 24 കാരനായ ലീയ്ക്ക് അവൻ സ്നേഹിച്ച് വിവാഹം കഴിക്കുന്ന പെൺകുട്ടിയെ യുകെയിലേയ്ക്ക് കൊണ്ടുവരാനാവില്ല. എനിക്ക് അവളോടൊപ്പം ജീവിക്കാനാവില്ലെന്നും പുതിയ കുടിയേറ്റ നിയമം തന്റെ ജീവിതം നശിപ്പിച്ചതായും ലീ മാധ്യമങ്ങളോട് പറഞ്ഞു. ലീയുടെ പ്രതിശ്രുത വധു സാറാ മലേഷ്യക്കാരിയാണ്. മൂന്നുവർഷം മുമ്പ് ലീഡ്സിൽ വച്ച് എൻജിനീയറിംഗ് പഠനത്തിനിടയിലാണ് അവർ കണ്ടുമുട്ടിയത്. അടുത്തവർഷം ഫെബ്രുവരിയിൽ വിവാഹം കഴിച്ച് യുകെയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ലീ പദ്ധതിയിട്ടിരുന്നത്. ഒരു ഗവേഷകനായി ജോലി ചെയ്യുന്ന ലീയുടെ ശമ്പളം 26,000 പൗണ്ട് ആണ് . ഫാമിലി വിസയ്ക്കുള്ള ശമ്പള പരുധിയിൽ കുറവുള്ളതുകൊണ്ട് ലിയ്ക്ക് തന്റെ പ്രതിശ്രുത വധുവിനെ വിവാഹശേഷം യുകെയിലേക്ക് കൊണ്ടുവരാൻ സാധിക്കാത്തത്.
Leave a Reply