ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രധാനമന്ത്രി ഋഷി സുനക് യുക്രെയിൻ പ്രസിഡൻറ് സെലെൻസ്‌കിയുമായി കൈവിൽ കൂടിക്കാഴ്ച നടത്തി. റഷ്യ യുക്രെയിൻ യുദ്ധത്തിൽ സാമ്പത്തിക സ്ഥിതി പരിങ്ങലിലായ യുക്രെയിനിന് 50 മില്യൺ പൗണ്ട് ആയുധ സഹായമാണ് റിഷി സുനക് വാഗ്ദാനം ചെയ്തിരിക്കുന്നത്. യുദ്ധത്തിൻറെ തുടക്കം മുതൽ രാജ്യത്തെ പരമാവധി സഹായിക്കുന്ന നയമാണ് യുകെ സ്വീകരിച്ചിരിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സെലെൻസ്‌കെ പറഞ്ഞു. 50 മില്യൺ പൗണ്ടിന്റെ പ്രതിരോധ സഹായത്തിൽ ആയുധങ്ങളെ കൂടാതെ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യയും ഉൾപ്പെടുന്നു.

ഈ മാസം ആദ്യം യുകെയുടെ പ്രതിരോധ സെക്രട്ടറി വെൻ വാലസ് പ്രഖ്യാപിച്ച വ്യോമ പ്രതിരോധ മിസൈലുകളെ കൂടാതെയുള്ളതാണ് പുതിയ പാക്കേജ് . യുകെ ആദ്യം തൊട്ടുതന്നെ യുക്രെയിനൊപ്പം നിന്നതിനോട് താൻ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി. അതോടൊപ്പം തന്നെ സാധാരണ ജനങ്ങളുടെ മേൽ റഷ്യ സൈന്യം ക്രൂരമായ വ്യോമാക്രമണം നടത്തുന്നതിന് അദ്ദേഹം കടുത്ത ഭാഷയിൽ അപലപിച്ചു.

യുകെയുടെ സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് റഷ്യ യുക്രെയിൻ യുദ്ധമാണ് . റഷ്യ യുക്രെയിൻ യുദ്ധം കാരണം രാജ്യത്തെ എനർജി ബില്ലിൽ കടുത്ത വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യുക്രെയിൻെറ 50 ശതമാനം ഊർജ്ജ ഉൽപാദന സംരംഭങ്ങളെ റഷ്യ നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. യുകെ, യു എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്ക് വാണിജ്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ വാതക ഉത്പാതക രാജ്യമായ റഷ്യയിൽ നിന്ന് പ്രകൃതിവാതകം നേരിട്ട് ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും യുകയിലേയ്ക്കുള്ള ആഗോള വാതക ലഭ്യതയെ സംഘർഷം കാര്യമായി ബാധിച്ചിട്ടുണ്ട്. എണ്ണയും പ്രകൃതിവാതക ഉത്പാദനത്തിനും മുൻപന്തിയിൽ നിൽക്കുന്ന റഷ്യയും ആയിട്ടുള്ള വാണിജ്യവിലക്ക് ബ്രിട്ടനെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിനാണ് റഷ്യ യുക്രെയിൻ സംഘർഷം വഴിവച്ചത്.