ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നിരോധിത ക്ലസ്റ്റർ ബോംബുകൾ യുക്രെയ്നു നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തിനു പിന്നാലെ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇതുപോലെ ജനനാശം വിതയ്ക്കുന്ന ആയുധങ്ങളുടെ ഉപയോഗത്തെ യു കെ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. സാധാരണക്കാരെ കൊന്നൊടുക്കിയ ആയുധങ്ങൾ നിരോധിച്ച രാജ്യങ്ങളിലൊന്നാണ് യുകെയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. എന്നാൽ യുക്രെയ്‌നിന് തുടർന്നും പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനനാശത്തിനു കാരണമായേക്കാവുന്ന ക്ലസ്റ്റർ ബോംബുകളുടെ കാര്യത്തിൽ മനുഷ്യാവകാശ സംഘടനകൾ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, റഷ്യയെ തോല്പിക്കാൻ ഈ ആയുധങ്ങൾ വേണ്ടി വരുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. വലിയ പീരങ്കിയിൽ നിന്നു പ്രയോഗിക്കാവുന്ന ക്ലസ്റ്റർ ബോംബുകളാവും നൽകുക. ചെന്നു വീഴുന്ന സ്ഥലത്ത് ഒട്ടേറെ ചെറു ബോംബുകൾ വിതറുന്ന സംവിധാനം ആണിത്. ഇവയിൽ ചിലതു പൊട്ടാറില്ല. പിന്നീട് ഇവ പൊട്ടി ആളുകൾ മരിക്കാറുണ്ട്.
2008ൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ ബ്രിട്ടനും ഫ്രാൻസും അടക്കം 120 രാജ്യങ്ങൾ ക്ലസ്റ്റർ ബോംബ് നിരോധിക്കുന്ന ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നു. എന്നാൽ അമേരിക്ക, റഷ്യ, യുക്രെയ്ൻ രാജ്യങ്ങൾ ഉടമ്പടിയിൽ ചേർന്നില്ല. അതേസമയം, അമേരിക്കയിൽ ഇത്തരം ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു നിയമം പാസാക്കിയിട്ടുണ്ട്. യുക്രെയ്നുവേണ്ടി പ്രസിഡന്റ് ജോ ബൈഡനു നിയമം മറികടക്കാവുന്നതാണ്.
റഷ്യയും യുക്രെയ്നും നിലവിൽ ഇത്തരം ആയുധങ്ങൾ വലിയതോതിൽ പ്രയോഗിക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി തിങ്കളാഴ്ച ലണ്ടനിൽ ബൈഡനുമായി സുനക് കൂടിക്കാഴ്ച നടത്തും.
Leave a Reply