ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച് എസിലെ ചികിത്സാ പിഴവുകൾ മൂലം ഓരോ വർഷവും ഭീമമായ തുക രോഗികൾക്ക് നഷ്ടപരിഹാരമായി നൽകേണ്ടതായി വരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. തെറ്റായി ഓവറി നീക്കം ചെയ്തത് ഉൾപ്പെടെയുള്ള ചികിത്സാ പിഴവുകൾക്ക് 800 മില്യൺ പൗണ്ട് ആണ് ഓരോ വർഷവും എൻഎച്ച്എസ് നഷ്ടപരിഹാരമായി നൽകേണ്ടതായി വരുന്നത്. പിഴവുകൾ വരുത്തുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടും ചികിത്സാ പിഴവുകൾ തുടർക്കഥയായി കൊണ്ടിരിക്കുകയാണ്.

മതിയായ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും അഭാവം ചികിത്സാ പിഴവുകൾക്ക് കാരണമാകുന്നതെന്ന് പറയുന്നത് ശരിയായ വിശദീകരണമല്ലെന്നും കൂടുതൽ കർശന നടപടികളിലേയ്ക്ക് സർക്കാർ കടക്കേണ്ടതുണ്ടെന്നുമാണ് ഇത് സംബന്ധിച്ച് വിദഗ്ധർ അഭിപ്രായപ്പെടുന്നത് . 2013 മുതലുള്ള 10 വർഷക്കാലം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതെന്ന് കരുതപ്പെടുന്ന 4328 ഗുരുതരമായ ചികിത്സാ പിഴവുകളാണ് എൻഎച്ച്എസിൽ കണ്ടെത്തിയത്. ഇതിൽ യൂട്രസ്, ഓവറി എന്നിവ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലും മറ്റും ഗുരുതരമായ പിഴവുകൾ പല ആവർത്തി സംഭവിച്ചിട്ടുണ്ട് .

ശാസ്ത്രക്രിയയ്ക്ക് ശേഷം സർജറി കൈയുറകൾ പോലുള്ളവ ഉള്ളിലിട്ട് തുന്നിക്കെട്ടിയ ഗുരുതര പിഴവുകൾ പലവട്ടം ആവർത്തിക്കപ്പെട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിലിരിക്കെ ഒരു തടവുകാരൻ രക്ഷപ്പെട്ടതും എൻഎച്ച്എസിന്റെ സുരക്ഷാ വീഴ്ചയായി രേഖപ്പെടുത്തിയിട്ടുണ്ട്. 2014 – ൽ അന്നത്തെ ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട് ഇത്തരം സംഭവങ്ങൾ കുറയ്ക്കുന്നതിന് സുരക്ഷാ രീതികൾ ഗണ്യമായി മെച്ചപ്പെടുത്താൻ ആശുപത്രികളോട് ആവശ്യപ്പെട്ടിരുന്നു. ഓരോ വർഷവും ചികിത്സാ പിഴവുകളുടെ എണ്ണം വർധിക്കുന്നത് നാം അനുഭവത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നില്ലെന്നതിന്റെ തെളിവാണെന്ന് ചാരിറ്റി ദി പേഷ്യന്റ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ റേച്ചൽ പവർ പറഞ്ഞു