ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള പദ്ധതികൾ മുന്നോട്ട് വെച്ച് റിഷി സുനക് പാർലമെന്റിൽ ശരത്ക്കാല ബജറ്റ് അവതരിപ്പിച്ചു. യുകെ സമ്പദ്‌വ്യവസ്ഥ കോവിഡിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതിനാൽ വെല്ലുവിളി നിറഞ്ഞ മാസങ്ങൾ മുന്നിലുണ്ടെന്ന് സുനക് അറിയിച്ചു. പണപ്പെരുപ്പം മുന്നിൽകണ്ട് മദ്യത്തിന്റെയും ഇന്ധനത്തിന്റെയും തീരുവ വെട്ടിക്കുറയ്ക്കുകയും യൂണിവേഴ്സൽ ക്രെഡിറ്റ് ടാപ്പർ റേറ്റ് കുറയ്ക്കുകയും ചെയ്തു. കുടുംബങ്ങൾക്ക് പിന്തുണ നൽകാനായി യൂണിവേഴ്സൽ ക്രെഡിറ്റ് നിരക്ക് 63% ൽ നിന്ന് 55% ആയി കുറയ്ക്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ഇതിലൂടെ ഏകദേശം ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം ശരാശരി 1,000 പൗണ്ട് അധികമായി ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മിനിമം വേതനം അടുത്തവർഷം ഏപ്രിൽ മുതൽ മണിക്കൂറിന് 9.50 പൗണ്ടായി ഉയർത്തുമെന്നതാണ് പ്രതീക്ഷ നൽകുന്ന മറ്റൊരു പ്രസ്താവന. 23 വയസിനു മുകളിലുള്ളവർക്കാണ് ഈ മിനിമം വേതനത്തിന് അർഹതയുള്ളത്. നിലവിൽ 8.91 പൗണ്ട് ആയിരുന്നു ഒരു മണിക്കൂർ ജോലിക്കുള്ള മിനിമം വേതനം. ഇതാണ് ഏപ്രിൽ മുതൽ ഒമ്പതര പൗണ്ടാകുന്നത്. പുതിയ വർധനയനുസരിച്ച് മുഴുവൻ സമയം ജോലി ചെയ്യുന്ന ഒരാൾക്ക് വർഷം 1074 പൗണ്ടിന്റെ ശമ്പള വർധന ലഭിക്കും. അതോടൊപ്പം പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളവർധനവും പ്രാബല്യത്തിൽ വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മദ്യം, ഇന്ധനം, വിമാനയാത്ര, ബാങ്കുകൾ, ബിസിനസ്സ് എന്നിവയുടെ നികുതി വെട്ടിക്കുറയ്ക്കലും ചാൻസലർ മുന്നോട്ട് വെച്ചു. യുകെയിലുടനീളം പെട്രോൾ വില ഉയരുന്നതിനിടെ ഇന്ധന തീരുവയിലെ വർദ്ധനവ് റദ്ദാക്കാൻ സുനക് തയ്യാറായി. കൂടാതെ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകൾക്കും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ബാങ്ക് ലാഭത്തിന്റെ സർചാർജ് 8% ൽ നിന്ന് 3% ആയി കുറയ്ക്കുമെന്ന് ചാൻസലർ സ്ഥിരീകരിച്ചു. ഹരിത നിക്ഷേപങ്ങൾ വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്‌ക്കിടയിലുള്ള ആഭ്യന്തര വിമാനങ്ങളിൽ എയർ പാസഞ്ചർ ഡ്യൂട്ടിയുടെ പുതിയ നിരക്ക് ചാൻസലർ വെളിപ്പെടുത്തി. ഗ്ലാസ്‌കോയിൽ നടക്കാനിരിക്കുന്ന കാലാവസ്ഥ ഉച്ചക്കോടിയ്ക്ക് മുന്നോടിയായാണ് ഈ തീരുമാനം ഉണ്ടാവുന്നത്.

അതേസമയം സർക്കാർ വകുപ്പുകളിലുടനീളമുള്ള മൊത്തം ചെലവിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വർദ്ധനവാണ് കാണപ്പെട്ടതെന്ന് സുനക് വെളിപ്പെടുത്തി. ഭാവിയിലെ വളർച്ച മുന്നിൽകണ്ട് മാത്രമേ സർക്കാർ കടം വാങ്ങാവൂ എന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ചിലവഴിച്ച കോടിക്കണക്കിന് പണം തിരിച്ചടയ്‌ക്കേണ്ടതുണ്ട്. എന്നാൽ യുകെയുടെ സാമ്പത്തിക വീണ്ടെടുക്കൽ മുമ്പ് കരുതിയിരുന്നതിലും വേഗത്തിലാകുമെന്ന് ഓബിആർ പ്രവചിച്ചു. ഈ വർഷത്തെ വളർച്ച 4 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിട്ടുണ്ട്.