ന്യൂസ് ഡെസ്ക് മലയാളം യുകെ
വിദ്യാർത്ഥികൾക്കുള്ള വായ്‌പയിൽ മാറ്റങ്ങൾ വരുത്തി സർക്കാർ. പുതിയ മാറ്റം സർവ്വകലാശാലകളിൽ കൺസർവേറ്റീവ് പാർട്ടിയെ പിന്തുണയ്ക്കാത്തവരുടെ എണ്ണം കുത്തനെ ഉയർന്നതിന് പിന്നാലെയെന്ന് ആരോപണം. നല്ല കരിയർ വാഗ്‌ദാനം ചെയ്യാത്ത ബിരുദങ്ങൾ പിന്തുണയ്ക്കുന്നത് നിർത്താനുള്ള പദ്ധതികൾ കഴിഞ്ഞ ഓഗസ്റ്റിൽ ഗ്രേറ്റ് മാഞ്ചസ്റ്റർ ബറിയിലെ ടോറി അനുകൂലികളെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബോറിസ് ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് നേതാവാകാൻ ലിസ് ട്രസുമായി പോരാടുന്നതിനിടെയാണ് ഓക്‌സ്‌ഫോർഡിൽ നിന്ന് വിദ്യാഭ്യാസം നേടിയ സുനക് പ്രചാരണ പാതയിൽ അഭിപ്രായപ്രകടനം നടത്തിയത്.
ഇപ്പോൾ, പ്രധാനമന്ത്രി ആയതിന് ശേഷം സർക്കാർ വിദ്യാർത്ഥികൾക്കുള്ള വായ്പാ ധനസഹായം സെപ്റ്റംബർ മുതൽ 44 പെൻസിൽ നിന്ന് 19 പെൻസായി മാറ്റിയിരിക്കുകയാണ്. പുതിയ മാറ്റം പ്രാബല്യത്തിൽ വരുമ്പോൾ വിദ്യാർത്ഥികൾ അവരുടെ വായ്പകൾ £27,295 ന് പകരം £25,000 സമ്പാദിക്കുമ്പോൾ മുതൽ അടയ്ക്കേണ്ടിവരും. ഇതിന് പുറമേ തിരിച്ചടവ് കാലാവധി 30 വർഷം എന്നുള്ളത് 40 വർഷമായി ഉയർന്നു.
ടോറികളുടെ ഭരണത്തിൽ നിലവിൽ സർക്കാരിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസ ധനസഹായം 1990-കൾക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് മാറുമെന്നാണ് പ്രവചനം . ഏറ്റവും ധനികനായ പ്രധാനമന്ത്രി, സർവ്വകലാശാലയിൽ പ്രവേശിക്കാൻ കഠിനാധ്വാനം ചെയ്ത യുവാക്കൾക്ക് അവരുടെ അവസരം നിരസിക്കുന്നത് വേദനാജനകമാണെന്ന് ലേബർ പാർട്ടി എംപി റിച്ചാർഡ് ബർഗൺ പറഞ്ഞു. ആർക്ക് വോട്ട് ചെയ്‌താലും എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളെ പിന്തുണയ്‌ക്കുക എന്നതാണ് ഒരു പ്രധാനമന്ത്രിചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ള റിഷി സുനക് ആർട്ട്സ് ആൻഡ് ഹ്യുമാനിറ്റീസ് ഡിഗ്രികളോട് നിസ്സംഗത പുലർത്തുന്നു എന്ന പരാമർശം പരക്കെ ഉയരുന്നുണ്ട്.
Leave a Reply