ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നാഷണൽ ഇൻഷുറൻസ് വർധനയുമായി മുന്നോട്ട് പോകാനുറച്ച് പ്രധാനമന്ത്രിയും ചാൻസലറും. എതിർപ്പുകൾക്കിടയിലും തീരുമാനം നടപ്പിലാക്കാനാണ് ബോറിസ് ജോൺസനും റിഷി സുനകും ശ്രമിക്കുന്നത്. സൺഡേ ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ഇതിലൂടെ, ജീവനക്കാരും തൊഴിലുടമകളും സ്വയം തൊഴിൽ ചെയ്യുന്നവരും 2022 ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് നാഷണൽ ഇൻഷുറൻസിനായി പൗണ്ടിൽ 1.25 പെൻസ് അധികം നൽകേണ്ടി വരും. നാഷണൽ ഇൻഷുറൻസിലെ വർധന പ്രകാരം ഒരു വർഷം 20,000 പൗണ്ട് സമ്പാദിക്കുന്ന വ്യക്തി 89 പൗണ്ട് അധിക നികുതിയായി അടയ്ക്കണം. 50,000 പൗണ്ട് സമ്പാദിക്കുന്ന ഒരാൾ 464 പൗണ്ട് കൂടി നൽകണം. പ്രതിവർഷം 9,880 പൗണ്ട് അല്ലെങ്കിൽ പ്രതിമാസം 823 പൗണ്ടിന് താഴെ വരുമാനമുള്ള ആളുകൾക്ക് ഈ വർധന ബാധകമല്ല.
നാഷണൽ ഇൻഷുറൻസ് വർധനയിലൂടെ എൻഎച്ച്എസ്, സോഷ്യൽ കെയർ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. എന്നാൽ പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നികുതി വർധന പിൻവലിക്കണമെന്ന ആവശ്യവുമായി ചില ടോറി എംപിമാരും പ്രതിപക്ഷ എംപിമാരും രംഗത്തെത്തി. 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് പണപ്പെരുപ്പം. ഏപ്രിലിൽ ഇത് വീണ്ടും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.
നികുതി വർധയിലൂടെ പ്രതിവർഷം 12 ബില്യൺ പൗണ്ട് സമാഹരിക്കുമെന്ന് ചാൻസലർ വ്യക്തമാക്കി. എന്നാൽ ജീവിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ പ്രധാനമന്ത്രിയും ചാൻസലറും അവഗണിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാർ ആരോപിച്ചു. ഇപ്പോൾ കൂടുതൽ നികുതി താങ്ങാൻ ജീവനക്കാർക്ക് കഴിയില്ലെന്ന് ലേബർ, ലിബ് ഡെംസ് എംപിമാർ അഭിപ്രായപ്പെട്ടു. ചില ടോറി എംപിമാരും വർധനയ് ക്കെതിരെ രംഗത്തുണ്ട്. ഊർജ്ജ വില, ഭക്ഷണ വില എന്നിവ ഉയരുന്നതിനാൽ ഈ നികുതി വർധന കുടുംബങ്ങളെ അമിത സമ്മർദ്ദത്തിലാകുമെന്ന് അവർ വ്യക്തമാക്കി.
Leave a Reply