ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഓടുന്ന വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രധാനമന്ത്രി റിഷി സുനകിനെതിരെ നടപടിക്കൊരുങ്ങി ലങ്കാഷെയർ പോലീസ്. എന്നാൽ വിഷയം വിവാദമായതോടെ അദ്ദേഹം ക്ഷമാപണംനടത്തി രംഗത്ത് വന്നു. സോഷ്യൽ മീഡിയയിലേക്ക് ആവശ്യമായ ഒരു ക്ലിപ്പ് ഷൂട്ട് ചെയ്യാനാണ് ബെൽറ്റ് അഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ നിലവിൽ പരമാവധി £500 പിഴ ഈടാക്കുന്നത്.
ഇത് തെറ്റാണെന്ന് പൂർണ്ണമായും അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് അറിയിച്ചു. എല്ലാവരും യാത്ര നടത്തുമ്പോൾ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. വടക്കൻ ഇംഗ്ലണ്ടിലെ ഒരു യാത്രയ്ക്കിടയിൽ ആയിരുന്നു വീഡിയോ പകർത്തിയത്. ഗവൺമെന്റിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റുകളെ കുറിച്ചുള്ള വിവരങ്ങളാണ് വീഡിയോയിൽ എന്നാണ് പുറത്ത് വരുന്ന വിവരം. ഇത് പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏകദേശം ഒരു മിനിറ്റ് നീണ്ടുനിൽക്കുന്ന വിഡിയോയിൽ, കാർ സഞ്ചരിക്കുമ്പോൾ സുനക് ക്യാമറയെ അഭിസംബോധന ചെയ്യുന്നതും, പിറകിൽ പോലീസ് മോട്ടോർബൈക്കുകൾ വരുന്നതും വ്യക്തമായി കാണാം. എന്നാൽ നിയമം അനുസരിച്ചു സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യം ഘട്ടം £100 ഉം, പിന്നീട് കേസ് കോടതിയിൽ പോയാൽ പിഴ 500 പൗണ്ടായി ഉയരാനും സാധ്യതയുണ്ട്. സീറ്റ് ബെൽറ്റ്, ഡെബിറ്റ് കാർഡ്, ട്രെയിൻ സർവീസ്, സമ്പദ്‌വ്യവസ്ഥ, എന്നിവ ഈ രാജ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിഷി സുനകിന് അറിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് രാഷ്ട്രീയ എതിരാളികൾ രംഗത്ത് വരുന്നത്. ഇത് കണ്ടില്ലെന്ന് നടിച്ചാൽ രാജ്യത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Leave a Reply