അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ചാൻസിലർ റിഷി സുനകിൻെറ ഭാര്യയും ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിൻെറ സ്ഥാപകരിലൊരാളായ നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിക്ക് കുടുംബ സ്ഥാപനങ്ങളിൽ 430 മില്യൻ പൗണ്ട് ആസ്തിയുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം അക്ഷത മൂർത്തി ബ്രിട്ടനിലെ തന്നെ ഏറ്റവും സമ്പന്നയായി മാറിയിരിക്കുകയാണ്.ഇതോടെ ബ്രിട്ടീഷ് രാജ്ഞിയെക്കാളും സമ്പന്നയായ വനിതയാണ് ഇന്ത്യൻ വംശജയായ അക്ഷിത മൂർത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബ്രിട്ടീഷ് രാജ്ഞിയുടെ ആസ്തി 350 മില്യൻ പൗണ്ടാണ്. ചാൻസലറുടെ ഭാര്യയ്ക്ക് തൻറെ പിതാവ് സ്ഥാപിച്ച ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിൽ 0.91% ഷെയറുകളാണുള്ളത്. അതു കൂടാതെ അവരുടെ കുടുംബത്തിന് ആമസോൺ ഉൾപ്പെടെയുള്ള കമ്പനികളിലും നിക്ഷേപമുണ്ട്.
ഫിലോസഫിയിലും പൊളിറ്റിക്സിലും എക്കണോമിക്സിലും ബിരുദം കരസ്ഥമാക്കിയ ശേഷം കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ആണ് ഋഷി സുനാക് പഠനം തുടർന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഋഷി സുനാക്കും അക്ഷിത മൂർത്തിയും കണ്ടുമുട്ടിയത്. 2009-ൽ ബാംഗ്ലൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം . രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കാലിഫോർണിയ, ഇന്ത്യ, ബ്രിട്ടൺ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് 536 മില്യൺ പൗണ്ടിൻെറ പ്രാരംഭ നിക്ഷേപവുമായി 2010 -ൽ അദ്ദേഹം സ്വന്തം ബിസിനസ് ആരംഭിച്ചു.
അക്ഷതയുടെ പിതാവ് നാരായണമൂർത്തി 1981 -ലാണ് ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിന് തുടക്കമിട്ടത്. അദ്ദേഹം 1981 മുതൽ 2002 വരെ സിഇഒ യും 2002 മുതൽ 2011 വരെ ഇൻഫോസിസ് കമ്പനിയുടെ ചെയർമാനുമായിരുന്നു. ഫോർച്യൂൺ മാഗസിനിൽ ഏറ്റവും മികച്ച 12 സംരംഭകരുടെ പട്ടികയിൽ നാരായണമൂർത്തിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈം മാഗസിൻ ഇന്ത്യൻ ഐടി മേഖലയുടെ പിതാവ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നാരായണമൂർത്തിയുടെ ഭാര്യ സുധാമൂർത്തി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. രോഹൻ മൂർത്തിയാണ് അക്ഷത മൂർത്തിയുടെ സഹോദരൻ
Leave a Reply