ടെലിഫോൺ കോളുകൾ വഴിയും മെസ്സേജുകൾ വഴിയും ബ്രിട്ടനിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിൽ സാമ്പത്തികനഷ്ടം വന്ന മലയാളികളും നിരവധിയാണ്. പലരും പണം നഷ്ടപ്പെട്ടു കഴിയുമ്പോൾ മാനഹാനിയോർത്ത് തട്ടിപ്പിനെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത് . പലപ്പോഴും തട്ടിപ്പുകാരുടെ വിളികൾ എത്തുക എച്ചം എമ്മ് റവന്യു (HM Revenue ) വിന്റെയും മറ്റും പേരിലായതിനാലും , വിശ്വസനീയമായ രീതിയിൽ നമ്മുടെ ചില വ്യക്തിഗതവിവരങ്ങൾ പറയുന്നതിനാലുമാണ് പലരും ചതിയിൽപ്പെടുന്നത്.

ബ്രിട്ടനിലൊട്ടാകെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നാലര കോടിയോളം ജനങ്ങൾക്കാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ ഫോൺ കോളോ, സന്ദേശങ്ങളോ ലഭിച്ചിരിക്കുന്നത്. മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ പേർക്കാണ് തട്ടിപ്പുകാരുടെ വിളികളോ, സന്ദേശമോ എത്തിയതെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത് ഓഫ് കോമാണ് .തട്ടിപ്പുകാരുടെ സന്ദേശങ്ങൾ അടങ്ങിയ ലിങ്കുകൾ മൊബൈൽ ഫോണിൽ ഓൺ ചെയ്താൽ പോലും പലപ്പോഴും നമ്മുടെ വ്യക്തിഗതവിവരങ്ങൾ നഷ്ടപ്പെടാം. പലപ്പോഴും പ്രായമായവരും, പുതുതായി യുകെയിൽ എത്തുന്നവരുമാണ് തട്ടിപ്പുകാരുടെ ഇര . സംശയാസ്പദമായ ടെസ്റ്റ് മെസ്സേജുകൾ 7726 എന്ന നമ്പറിലേയ്ക്ക് ഫോർവേഡ് ചെയ്യാമെന്നുള്ള കാര്യം ഭൂരിഭാഗം ഉപഭോക്താക്കൾക്കും അറിയില്ല.