കൈരാന: യു.പിയിലെ കൈരാനയില്‍ പ്രതിപക്ഷ ഐക്യം നേടിയ ചരിത്രവിജയം ആഘോഷിച്ച് ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്‍. 2019ല്‍ പ്രതിപക്ഷ ഐക്യത്തിനുള്ള വഴി തുറന്നിരിക്കുകയാണ് എന്നു പറഞ്ഞാണ് തബസും പ്രതികരിച്ചത്.
‘ഇത് സത്യത്തിന്റെ വിജയമാണ്. ഞാനിപ്പോഴും പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ഇവിടെ ഒരു ഗൂഢാലോചനയുണ്ടായിരുന്നു. ഇനിയൊരു തെരഞ്ഞെടുപ്പും ഇ.വി.എം മെഷീന്‍ ഉപയോഗിച്ച് നടത്തേണ്ടെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. 2019ല്‍ പ്രതിപക്ഷ ഐക്യത്തിനുള്ള വഴി തുറന്നിരിക്കുന്നു.’ എന്നാണ് അവര്‍ പറഞ്ഞത്.
60000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൈരാനയില്‍ തബസും മുന്നേറിക്കൊണ്ടിരിക്കുന്നത്. 271130 വോട്ടുകളാണ് തബസും നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി മൃഗംഗ സിങ്ങിന് 212845 വോട്ടുകളേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
ദളിത് പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നതിന് കിട്ടിയ ശിക്ഷയാണിതെന്നാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രികൂടിയായ ഓം പ്രകാശ് രാജ്ഭര്‍ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പറഞ്ഞത്.
2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.പിയില്‍ രൂപംകൊണ്ട പ്രതിപക്ഷ ഐക്യം തെരഞ്ഞെടുപ്പില്‍ ഏതുതരത്തില്‍ പ്രതിഫലിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാവും ഈ ഉപതെരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിയെ സംബന്ധിച്ച് ഈ സീറ്റ് നഷ്ടമാകാതെ നിലനിര്‍ത്തുകയെന്നത് ആവശ്യമായിരുന്നു.
ബി.ജെ.പി എം.പി ഹുക്കും സിങ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹുക്കുംസിങ്ങിന്റെ മകളാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെയാണ് തബസും ഹസന്‍ മത്സരിച്ചത്. മെയ് 28നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2014നുശേഷം യു.പിയില്‍ നടക്കുന്ന നാലാമത്തെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പാണ് കൈരാനയിലേത്.
ഇ.വി.എം തകരാറിനെത്തുടര്‍ന്ന് കൈരാന വോട്ടെടുപ്പ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ശാംലി ജില്ലയില്‍ ഉള്‍പ്പെടെ പല ബൂത്തുകളിലും കഴിഞ്ഞദിവസം റീ പോളിങ് നടത്തുകയും ചെയ്തിരുന്നു.
Leave a Reply