തെലുങ്ക് നടൻ സുധീർ വർമയെ മരിച്ച നിലയിൽ കണ്ടെത്തി. 33 വയസായിരുന്നു. ജനുവരി 18-ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ സുധീറിനെ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ജീവനൊടുക്കാനുള്ള കാരണം ഇതുവരെ വ്യക്തമായില്ല. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനുവരി 20-ന് വിശാഖപ്പട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി താരത്തെ മാറ്റി. ഞായറാഴ്ചയോടെ താരത്തിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. നാടക രംഗത്ത് നിന്നാണ് സുധീർ സിനിമാ ലോകത്തേയ്ക്ക് എത്തിയത്. ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’, സെക്കന്റ് ഹാൻഡ് എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

‘കുന്ദനപ്പു ബൊമ്മ’യിൽ സുധീർ വർമയോടൊപ്പം അഭിനയിച്ച സുധാകർ കൊമകുലയാണ് നടന്റെ മരണ വാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. യുവനടന്റെ മരണത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലായിരുന്നു താരമെന്നും അവസരങ്ങൾ ലഭിക്കാത്തതിൽ നിരാശനായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.