ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അടുത്തമാസം വീണ്ടും രാജ്യത്തെ ട്രെയിൻ ഗതാഗതം തടസ്സപ്പെടും. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി മൂന്ന് ദിവസത്തെ പണിമുടക്കാണ് ആർഎംറ്റി യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്. 14 ട്രെയിൻ കമ്പനികളിൽ ജൂലൈ 20, 22, 29 തീയതികളിലാണ് പണിമുടക്ക് നടത്തപ്പെടുന്നത്. ശമ്പള വർദ്ധനവിനായി നടന്നു വന്നിരുന്ന ചർച്ചകൾ അവസാനിച്ച സാഹചര്യത്തിലാണ് പണിമുടക്കിനായുള്ള കടുത്ത തീരുമാനവുമായി മുന്നോട്ടു പോകേണ്ടതായി വന്നതെന്ന് യൂണിയൻ അറിയിച്ചു.
യൂണിയൻ നടപടി തികച്ചും അനാവശ്യമാണെന്നാണ് ട്രെയിൻ ഓപ്പറേറ്റർമാർ വാദിക്കുന്നത്. മുമ്പ് നടന്ന സമരങ്ങൾ വ്യാപകമായ രീതിയിൽ ജനങ്ങൾക്ക് യാത്രാ തടസ്സം സൃഷ്ടിച്ചിരുന്നു. ആഷസ് ടെസ്റ്റുകളും ഓപ്പൺ ഗോൾഫ് ചാമ്പ്യൻഷിപ്പും ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലെ ട്രെയിൻ സമരം മത്സരങ്ങളെ സാരമായി ബാധിക്കും എന്ന ആശങ്ക പരക്കെയുണ്ട്.
പണപ്പെരുപ്പവും വിപണിയിലെ വില വർദ്ധനവും 8.7 % ആയി ഉയരുന്ന സാഹചര്യത്തിൽ ശമ്പള വർദ്ധനവ് അതിന് ആനുപാതികമായിരിക്കണമെന്നാണ് യൂണിയനുകൾ പ്രധാനമായും ആവശ്യപ്പെടുന്നത്. നിലവിൽ റെയിൽവേ ജീവനക്കാർക്ക് ട്രെയിൻ ഓപ്പറേറ്റർമാർ മുന്നോട്ടു വച്ചിരിക്കുന്ന ശമ്പള വർദ്ധനവ് 5 ശതമാനമാണ്. കൂടുതൽ ശമ്പള വർദ്ധനവ് നൽകുന്നതിനെതിരായി കഴിഞ്ഞദിവസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി രംഗത്ത് വന്നിരുന്നു. പണിമുടക്ക് രണ്ടു പ്രധാനപ്പെട്ട കായിക മത്സരങ്ങളെയും സ്കൂൾ വേനൽ അവധിയുടെ തുടക്കത്തിൽ ജനങ്ങളുടെ യാത്രയെയും തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് ഗതാഗത വകുപ്പ് കുറ്റപ്പെടുത്തി
Leave a Reply