ജോജി തോമസ്

ലോകത്തിലെ തന്നെ ഏറ്റഴും അപകട സാധ്യതയുള്ള മേഖലകളിലൊന്നായി കേരള റോഡുകള്‍ മാറിയിട്ട് കാലമേറെയായി. ലോകത്തിലെ പ്രമുഖ സംഘര്‍ഷ മേഖലകളായി കരുതപ്പെടുന്ന പലയിടത്തും പക്ഷേ മനുഷ്യജീവന് ഇത്രയുമേറെ അപകട സാധ്യതയുണ്ടാവില്ല. കാരണം കഴിഞ്ഞ പത്ത് വര്‍ഷത്തെ കേരളത്തിലെ റോഡപകടങ്ങളുടെ കണക്കെടുത്താല്‍ ഒരോ വര്‍ഷവും നാല്‍പ്പതിനായിരത്തിലധികം ആളുകള്‍ റോഡപകടങ്ങളില്‍ പരിക്ക് പറ്റുന്നതായും ഇവരില്‍ പത്ത് ശതമാനത്തോളം പേര്‍ മരണമടയുന്നതായും കണ്ടെത്താന്‍ സാധിക്കും. ഒരോ വര്‍ഷവും കുറഞ്ഞത് നാലായിരത്തോളം പേരുടെ ജീവനുകള്‍ കേരള റോഡുകളില്‍ പൊലിയുന്നുണ്ട്. ഇത്രയധികം ജനങ്ങളുടെ ജീവനുകള്‍ റോഡില്‍ പൊലിഞ്ഞിട്ടും റോഡപകടങ്ങള്‍ തടയുന്നതിനുള്ള നടപടികളോ ബോധവല്‍ക്കരണമോ അധികൃതരുടെയോ ജനങ്ങളുടെയോ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്നത് തികച്ചും വിരോധാഭാസമാണ്.

പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും അടുത്ത കാലത്ത് സംഭവിച്ച അപകടമാണ് കേരളത്തിലെ റോഡുകളിലെ സുരക്ഷിതത്വം സംബന്ധിച്ച സന്ദേഹങ്ങള്‍ വീണ്ടും ഉയര്‍ന്നുവരാന്‍ കാരണമായത്. പ്രമുഖര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ചര്‍ച്ചകളും വാര്‍ത്തകളും ധാരാളമുണ്ടാവുമെങ്കിലും നടുറോഡില്‍ വൈദ്യസഹായം പോലും ലഭിക്കാതെ ആയിരങ്ങള്‍ മരിച്ചു വീഴുന്നത് തികച്ചും ദയനീയ കാഴ്ച്ചയാണ്. ബാലഭാസ്‌കറിന്റെ അപകടമരണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുരളി തുമ്മാരകുടിയെപ്പോലുള്ളവര്‍ കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ റോഡ് സുരക്ഷ സംബന്ധിച്ച പൊതുജനങ്ങളെ ബോധവല്‍ക്കാന്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ചത് ഇവിടെ പ്രസകത്മാണ്. പക്ഷേ ഇത്തര അഭ്യര്‍ത്ഥനകള്‍ ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചതെന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിവാകുന്നത്. അപകടങ്ങളുടെ ഭീകരത ഏതാനു ദിവസങ്ങള്‍കൊണ്ട് മറക്കാനും പഴയ ജീവിത ശൈലിയ്ക്ക് മടങ്ങാനും മലയാളി ന്നനായി പഠിച്ചിരിക്കുന്നു.

സാമൂഹിക സാംസ്‌കാരിക അംഗങ്ങളില്‍ തിളങ്ങി നിന്ന പല പ്രമുഖരും റോഡപകടങ്ങലിലെ ഭീകരാവസ്ഥയിലൂടെ കടന്നുപോയവരാണ്. കേരളത്തിലെ മുന്‍മുഖ്യമന്ത്രി കെ. കരുണകാരന്‍, പ്രമുഖ സിനിമാ താരങ്ങളായ ജഗതി ശ്രീകുമാര്‍, മോനിഷ, തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രമാണ്. കെ. കരുണാകരനേപ്പോലുള്ളവര്‍ അപകടത്തിന്റെ തീവ്രത കൂടിയ തോതില്‍ അടുത്തറിഞ്ഞതിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്ന് കേരളസര്‍ക്കാരിന് നേതൃത്വം കൊടുത്തെങ്കിലും കേരളത്തിലെ റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളോ നടപടികളോ എടുത്തിട്ടില്ലെന്നുള്ളത് നിരാശജനകമാണ്.

കേരളത്തില്‍ റോഡപകടങ്ങള്‍ പെരുകാന്‍ കാരണങ്ങളേറെയാണ്.  വാഹനമോടിക്കുന്നവരുടെ മനോഭാവവും തെറ്റായ സമീപനങ്ങളുമാണ് ഇതില്‍ പ്രധാനം റോഡുപയോഗിക്കുന്ന മറ്റ് സഹജീവികളോട് ഇത്രയധികം ബഹുമാനക്കുറവും മര്യാദയും ഇല്ലാത്ത ഡ്രൈവര്‍മാര്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ചുരുക്കമായേ കാണാന്‍ സാധിക്കൂ. ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും മര്യാദയില്ലായ്മയുമാണ് പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലി ചെയ്യുന്നവരുമുള്‍പ്പെടെയുള്ള ഡ്രൈവര്‍മാരുടെ മുഖമുദ്ര. ആദ്യം ഹെഡ്‌ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിക്ക് മുന്‍ഗണനയെന്ന തലതിരിഞ്ഞ നിയമം ലോകത്ത് വേറൊരിടത്തും ഉണ്ടാവില്ല. പശ്ചാത്യരാജ്യങ്ങളില്‍ ഹെഡ്‌ലൈറ്റ് ഫ്‌ളാഷ് ചെയ്താല്‍ അതിന്റെ അര്‍ത്ഥം എതിരെ വരുന്ന വണ്ടിയോട് മുന്നോട്ട് കടന്നുവരാന്‍ ആദരപൂര്‍വ്വം അനുവദിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി റോഡുകള്‍ വികസിപ്പിത്താതും നിലവിലുള്ള റോഡുകളുടെ ദുരവസ്ഥയും വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ പ്രധാന കാരണമാകുന്നുണ്ട്. വാഹന നികുതിയിനത്തില്‍ കോടികള്‍ സര്‍ക്കാരിലേക്ക് ചെല്ലുന്നുണ്ടെങ്കിലും അതൊന്നും റോഡുകളുടെ വികസനത്തിനോ നിലവിലുള്ള റോഡുകള്‍ സംരക്ഷിക്കുന്നതിനോ വിനിയോഗിക്കുന്നില്ല. അമിതവേഗം ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടയുള്ള വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ അശ്രദ്ധമായ വാഹനമോടിക്കല്‍, ഹൈല്‍മെറ്റും സീറ്റും ബെല്‍റ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെയുള്ള വാഹനോപയോഗം, മദ്യപിച്ചിട്ടുള്ള ഡ്രൈവിംഗ് തുടങ്ങിയവയെല്ലാം കേരളത്തിലെ വാഹനാപകട നിരക്ക് വര്‍ധിക്കുവാന്‍ കാരണമാണ്.

ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ ഭരണ നേതൃത്വം ഹെല്‍മെറ്റ് കമ്പനികളില്‍ നിന്നും കോഴവാങ്ങിയതിന് ശേഷം നടപ്പിലാക്കിയ നയമാണിതെന്ന് ആരോപിച്ചവരാണ് മലയാളികള്‍. സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നത് പലപ്പോഴും പോലീസിനെ ഭയന്നാണ്. ഒരുപക്ഷേ ചൈല്‍ഡ് സീറ്റ് പോലുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവംലംബിച്ചിരുന്നെങ്കില്‍ ബാലഭാസ്‌കറിന്റെ കുഞ്ഞു മകള്‍ ഇന്നും ലോകത്ത് ജീവനോടെ ഉണ്ടായിരുന്നേനെ.

ബോധവല്‍ക്കരണവും, കര്‍ശന നിയമങ്ങളുമാണ് കേരളത്തിലെ  വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍. രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കാഴ്ച്ച മറയ്ക്കുന്ന ഹെഡ്‌ലൈറ്റ് ഓഫാക്കുന്നത് ആത്മാഭിമാനത്തേ വ്യണപ്പെടുത്തുന്നതായാണ് കേരളത്തിലെ ഭൂരിഭാഗം ഡ്രൈവര്‍മാരുടെയും മനോഭാവം. ഈ മനോഭാവത്തിന്റെ മാറ്റത്തിലൂടെയെ കേരള റോഡുകളില്‍ നിന്നുയുരന്ന ഹൃദയഭേദകമായ നിലവിളികള്‍ക്ക് അന്ത്യമാകുകയുള്ളു.

സോഷ്യൽ മീഡിയയിൽ വന്ന ഈ ട്രോൾ തന്നെ കേരളത്തിന്റെ സ്ഥിതി വിളിച്ചുപറയുന്നു…

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.