ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അഞ്ചിരട്ടിയാക്കിയതോടെ കുടുങ്ങിയത് ജനവും പൊലീസും ഒരുപോലെയാണ്. നിങ്ങൾ കേസ് കോടതിയിലേക്ക് വീടൂ. അവിടെ തീർത്തോളാം എന്നുപറഞ്ഞ് ജനം വണ്ടിയും കൊണ്ടുപോകുന്ന കാഴ്ചയാണ് ഇപ്പോൾ റോഡിൽ. ഉയർന്ന പിഴ അടയ്ക്കാൻ അധികമാരും തയാറാവുന്നില്ല.

മുൻപു തർക്കിക്കാൻ മിനക്കെടാതെ 100 രൂപ പിഴ നൽകി പോയിരുന്നവർ‌ ഇപ്പോൾ‌ പിഴ 1000 രൂപയായതോടെ കോടതിയിൽവച്ചു കാണാമെന്ന നിലപാടിലാണ്. കേസ് കോടതിയിലേക്കു നീങ്ങിയാൽ സമൻസ് നൽകാനും മറ്റും മോട്ടർവാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആർടി ഓഫിസിലെത്താൻ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമില്ല.

സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലേറെപ്പേരാണ് ഹെൽമറ്റ് വയ്ക്കാത്തതിനു പിടിയിലാകുന്നത്. ഇവർ കേസ് കോടതിയിലേക്കു വിടണമെന്നാവശ്യപ്പെട്ടാൽ പൊലീസിന് മറ്റു പണി ചെയ്യാനാവില്ല. പിടികൂടിയ ഉടൻ ശിക്ഷ നിർണയിച്ചു പിഴ ഇൗടാക്കിയിരുന്ന മൊബൈൽ കോടതികളാകട്ടെ നിർത്തലാക്കിയിട്ട് 2 വർഷമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർ പിടിയിലാകുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മുൻപ് പൊലീസും മോട്ടർവാഹന വകുപ്പും ലംഘനങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു. എന്നാൽ, ഇപ്പോൾ 2 വിഭാഗങ്ങൾക്കും ഡിജിറ്റൽ ക്യാമറയില്ല. ചില ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണിൽ‌ ദൃശ്യം പകർത്തിയാണു നിയമലംഘകരെ ബോധ്യപ്പെടുത്തുന്നത്. തലസ്ഥാന ജില്ലയിൽ‌പോലും പൊലീസിന് ആവശ്യത്തിനു ക്യാമറയില്ല. പ്രധാനവീഥികളിൽ സ്ഥാപിച്ച ക്യാമറകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നുമില്ല. ‌

മഴക്കാലമായതിനാൽ റോഡുകളെല്ലാം തകർന്ന അവസ്ഥയിലാണ്. നിയമലംഘനത്തിനു പിടിയിലാകുന്നവരിൽ നല്ലൊരു പങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടി തട്ടിക്കയറാനും തുടങ്ങി. ഇൗയാഴ്ച പിഴ ഇൗടാക്കുന്നതിൽ മെല്ലെപ്പോക്കു സമീപനം സ്വീകരിക്കാനാണു പൊലീസിന്റെയും മോട്ടർവാഹന വകുപ്പിന്റെയും തീരുമാനം. ബോധവൽക്കരണത്തിനാണു മുൻതൂക്കം.