സ്വന്തം ലേഖകന്‍
മലയാളികളുടെ യാത്രാ ത്വരയ്ക്ക് അറുതിയില്ല. ലാല്‍ജോസിനും സുരേഷ് ജോസഫിനും ബൈജു എന്‍ നായര്‍ക്കും ശേഷം ദീര്‍ഘദൂര ചാരിറ്റി ഡ്രൈവുമായി അടുത്ത മലയാളി ഇറങ്ങുന്നു, ഇവര്‍ നാട്ടില്‍ നിന്നും ലണ്ടനിലേക്കാണ് പോയതെങ്കില്‍ ഇദ്ദേഹം ലണ്ടനില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലേക്കാണ് വരുന്നത്. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനും, ലോകകേരളസഭ അംഗവുമായ രാജേഷ് കൃഷ്ണയാണ് ജൂണ്‍ അവസാനവാരത്തോടെ കേരളത്തിലേക്ക് കാര്‍ യാത്ര നടത്തുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചാരിറ്റിയായ റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ (http://www.rncc.org.uk) ധനശേഖരണാര്‍ഥമാണ് 45 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ സാഹസിക യാത്ര.
യാത്ര തുടങ്ങുന്നത് തനിയെ ആണെങ്കിലും ചില സുഹൃത്തുക്കള്‍ പല രാജ്യങ്ങളിലും അദ്ദേഹത്തോടൊപ്പം യാത്രയില്‍ പങ്കാളികളാകും. സാഹസിക യാത്രകളില്‍ എന്നും ആവേശത്തോടെ പങ്കാളിയായിരുന്ന ഇദ്ദേഹം, 2002 മുതല്‍ ഒരു ദശാബ്ദത്തിലധികം കാലം വിദേശികള്‍ക്കായി തെക്കേ ഇന്ത്യയിലും ഹിമാലയത്തിലും സംഘടിപ്പിച്ചിരുന്ന എന്‍ഡ്യൂറോ ഇന്ത്യ എന്ന റോയല്‍ എന്‍ഫീല്‍ഡ്, അംബാസിഡര്‍ റാലികളുടെ പ്രധാന സംഘാടകനുമായിരുന്നു രാജേഷ്. അക്കാലത്ത് നൂറ്റമ്പതോളം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഉടമസ്ഥനുമായിരുന്നു രാജേഷ്.
അദ്ദേഹം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ലണ്ടനില്‍ നിന്നും യാത്ര തിരിച്ച് ഫ്രാന്‍സ് ബെല്‍ജിയം ജര്‍മ്മനി ഓസ്ട്രിയ സ്ലോവാക്യ ഹംഗറി സെര്‍ബിയ ബള്‍ഗേറിയ വഴി തുര്‍ക്കിയിലേക്കും അവിടെനിന്നും ഇറാനിലേക്കും പാകിസ്ഥാനിലൂടെ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കും എത്താനാണ് പ്ലാന്‍. ഈ റൂട്ടില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ഇറാനില്‍ നിന്നും തുര്‍ക്‌മെനിസ്ഥാന്‍ താജിക്കിസ്ഥാന്‍ ചൈന നേപ്പാള്‍ വഴി ഇന്ത്യയിലെത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് Rajesh Krishna https://www.facebook.com/londonrk എന്ന ഫേസ്ബുക്ക് പ്രൊഫൈലോ https://www.facebook.com/londontokerala എന്ന പേജോ പിന്‍തുടരാം..
Leave a Reply