യുഎസ് ട്രംപ് ഡൊണാള്‍ഡ് വൃത്തികെട്ടയാളെന്ന് വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡി നീറോ. ട്രംപ് ഗുണ്ടാ പ്രസിഡന്റാണ്. അയാള്‍ ജയിലിലാകുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നും റോബര്‍ട്ട് ഡി നീറോ പറഞ്ഞു. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, മാര്‍ട്ടിന്‍ സ്‌കോര്‍സസിയുടെ ഐറിഷ് മാന്‍ എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ ഡി നീറോ, ദ ഗാര്‍ഡിയനോടാണ് ഇക്കാര്യം പറഞ്ഞത്.
തോന്നുന്നതെന്തും ചെയ്യാന്‍ അധികാരമുണ്ട് എന്ന് കരുതുന്ന ഒരു ഗുണ്ടാ പ്രസിഡന്റ് ആണ് നമുക്കുള്ളത് എന്നതാണ് ഏറ്റവും അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്‌നം. ഈ പ്രശ്‌നം നമ്മള്‍ അവഗണിച്ചാല്‍ ഇത് നമ്മെയെല്ലാം ബാധിക്കുന്ന തരത്തില്‍ മാറും. അയാള്‍ക്ക് ചുറ്റുമുള്ളവര്‍ അയാളെ പ്രതിരോധിക്കുകയാണ്. ഈ റിപ്പബ്ലിക്കന്മാരുടെ കാര്യം ഭയാനകമാണ്. നമ്മള്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ – റോബര്‍ട്ട് ഡി നീറോ പറഞ്ഞു. ജനങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് ഇവരുടെ മനോഭാവം. അവരെ നമ്മള്‍ പാഠം പഠിപ്പിക്കാന്‍ പോവുകയാണ് എന്ന് അവര്‍ മനസിലാക്കണം. അവര്‍ക്ക് ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നും. സാമാന്യബോധമുള്ളവര്‍ക്ക്് ലോകത്തും ഈ രാജ്യത്തും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാം. അയാള്‍ മരിക്കണം എന്നെനിക്ക് ആഗ്രഹമില്ല. എന്നാല്‍ ജയിലിലായി കാണണമെന്നുണ്ട് – ഡി നീറോ പറഞ്ഞു.
പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഉക്രൈൻ്റെ ഇടപെടലിന് അവസരമുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ ട്രംപ് ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്സിൻ്റെ അന്വേഷണം നേരിടുകയാണ്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലാണ് ഹൗസിൽ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകൾ. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥികളിലൊരാളായ മുൻ വൈസ് പ്രസിഡൻ്റ് ജോ ബൈഡനും മകനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അന്വേഷണം നടത്താൻ ഉക്രൈൻ പ്രസിഡൻ്റിന് മേൽ സമ്മർദ്ദം ചെലുത്തി എന്നാണ് ട്രംപിനെതിരായ ആരോപണം.
മാഫിയ കൊലയാളി ഫ്രാങ്ക് ഷീരനായാണ് ഐറിഷ് മാനില്‍ റോബര്‍ട്ട് ഡി നീറോ വരുന്നത്. 1975ലെ ജിമ്മി ഹോഫ കൊലപാതകത്തിലൂടെയടക്കം കുപ്രസിദ്ധനാണ് ഫ്രാങ്ക് ഷീരന്‍.
Leave a Reply