അമേരിക്കയില്‍നിന്ന് മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്ന തെരഞ്ഞെടുപ്പു വിജയം. ടെക്‌സസിലെ മിസോറി സിറ്റി മേയറായി കോട്ടയം സ്വദേശി റോബിന്‍ ഇലക്കാട്ട് ചരിത്ര വിജയം നേടി. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്. റോബിന്‍ ഇലക്കാട് 5622 വോട്ടുകള്‍ നേടിയപ്പോള്‍ (52.51 ശതമാനം) എതിരാളി യോ ലാന്‍ഡാ ഫോര്‍ഡിന് 5085 (47.49 ശതമാനം) വോട്ടുകളാണ് ലഭിച്ചത്. 537 വോട്ടുകള്‍ക്കാണ് റോബിന്‍ വിജയിച്ചത്. തന്നെ പിന്തുണച്ച എല്ലാവരോടും പ്രത്യേകിച്ച് ഇവിടത്തെ മലയാളി സമൂഹത്തോടു നന്ദി പറയുന്നതായി റോബിന്‍ ഇലക്കാട്ട് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പ്രതികരിച്ചു.
നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ റോബിന്‍ ഉള്‍പ്പടെ മൂന്നുസ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നുവെങ്കിലും ആര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാന്‍ കഴിയാത്തതിനാലാണ് റണ്‍ ഓഫ് വേണ്ടിവന്നത്. മിസോറി സിറ്റി ഭരണഘടന പ്രകാരം വിജയിക്കാന്‍ 51 ശതമാനത്തിനു മുകളില്‍ വോട്ടു ലഭിച്ചിരിക്കണം. ഇതനുസരിച്ചാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പു നടന്നത്.
ആകെയുള്ള ഒരുലക്ഷം വോട്ടര്‍മാരില്‍ 18 ശതമാനവും മലയാളികള്‍ ഉള്ള സിറ്റികൂടിയാണ് മിസോറി. അതുകൊണ്ടുതന്നെ ഇവിടെ മലയാളി വോട്ട് ഏറെ നിര്‍ണായകമായിരുന്നു. മലയാളികള്‍ ഒന്നടങ്കം റോബിനെ പിന്തുണച്ചതാണ് അദ്ദേഹത്തിനെ തെരഞ്ഞെടുപ്പു വിജയത്തിലേക്കു നയിച്ചത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തുല്യശക്തികളായ ഇവിടെ പാര്‍ട്ടി അടിസ്ഥാനത്തില്‍ അല്ല മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗവും ഒരുതവണ ഡപ്യൂട്ടി മേയറുമായി അനുഭവ പരിചയമുള്ള റോബിന്‍ മേയര്‍ സ്ഥാനത്തേക്ക് എത്തുമ്പോള്‍ മിസ്സോറി സിറ്റിയിലെ ജനങ്ങളാകെ പ്രതീക്ഷയിലാണ്.
2009 ലാണ് ഇദ്ദേഹം ആദ്യമായി സിറ്റി കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് റോബിന്‍. തുടര്‍ന്ന് 2011ലും 2013 ലും കൗണ്‍സില്‍ അംഗമായിരുന്ന റോബിന്‍ ഇലക്കാട്ട് 2015 ല്‍ രാഷ്ടീയം ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്, സ്വന്തം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ തിരക്കിലായിരുന്നു അദ്ദേഹം.
ഇത്തവണ മേയറായി മത്സരിച്ചതിനെക്കുറിച്ച് റോബിന്‍ ഇലക്കാട്ട് പറയുന്നത് ഇങ്ങനെയാണ്- രണ്ടു പതിറ്റാണ്ടിലേറെ മേയറായിരുന്ന അലന്‍ ഓവന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടു. അദ്ദേഹത്തെ തോല്‍പ്പിച്ച യോ ലാന്‍ഡാ ഫോര്‍ഡിനെതിരെ സമൂഹത്തില്‍ ഉയര്‍ന്ന കടുത്ത എതിര്‍പ്പും പിന്നെ, അലന്‍ ഓവന്‍ അടക്കമുള്ള സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവുമാണ് തന്നെ ഈ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ്.
കോളനി ലെയ്ക്സ് ഹോം ഓണേഴ്സ് അസോസിയേഷന്‍ ബോര്‍ഡ് അംഗവും പ്രസിഡന്റുമായിട്ടാണ് റോബിന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട്, സിറ്റിയുടെ പാര്‍ക്സ് ബോര്‍ഡ് വൈസ് ചെയര്‍മാനായി. അതിനു ശേഷമാണ് സിറ്റി കൗണ്‍സിലിലേക്ക് മൂന്നുവട്ടം മത്സരിച്ചത്. ഇതില്‍ രണ്ടു തവണയും എതിര്‍ സ്ഥാനാര്‍ഥികള്‍ പോലുമില്ലായിരുന്നു.
കൗണ്‍സില്‍മാനെന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. സൈഡ് വാക്ക് റിപ്പയര്‍ പ്രോഗ്രാം, ബജറ്റ് നിയന്ത്രണം, പോലീസ് മിനി സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കല്‍ തുടങ്ങിയവ അവയില്‍ പെടും. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് റോബിന്‍ പറയുന്നു. പൊതുയിടങ്ങളിലെ സുരക്ഷിതത്വവും സാമ്പത്തിക കാര്യങ്ങളിലെ ദീര്‍ഘവീക്ഷണവും ഇന്‍ഫ്രാസ്ട്രക്ചര്‍ പുതുക്കലുമെല്ലാമാണ് തന്റെ ലക്ഷ്യം. ഇതെല്ലാം നടപ്പിലാക്കാനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ് റോബിന്‍ ഇലക്കാട്ട്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ ടീന ആണ് ഭാര്യ. ലിയ, കേറ്റ്‌ലിന്‍ എന്നിവരാണ് മക്കള്‍.
Leave a Reply