റോബോട്ട് ഉപയോഗിച്ച് ഒരേ സമയം കാന്‍സര്‍ രോഗിക്ക് രണ്ട് സര്‍ജറികള്‍ നടത്തി. റോയല്‍ മാര്‍സ്‌ഡെന്‍ ഹോസ്പിറ്റലിന്റെ ചരിത്രത്തിലെ ആദ്യത്തെ റോബോട്ടിക് സര്‍ജറിയാണ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. 63 കാരിയായ ക്രിസ്റ്റീന ലോക്ട്ടനാണ് അപൂര്‍വ്വ ശസ്ത്രക്രിയക്ക് വിധേയയാരിക്കുന്നത്. ഒരേ സമയം നടന്ന രണ്ട് സര്‍ജറിയിലൂടെ ക്രിസ്റ്റീനയുടെ ഗര്‍ഭപാത്രവും വന്‍കുടലിന്റെ ഒരു ഭാഗവും നീക്കം ചെയ്തു. ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് കണ്‍സോള്‍ ഉപയോഗിച്ച് നടത്തിയ സര്‍ജറി പൂര്‍ണ വിജയമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രോഗം ബാധിച്ച ശരീരഭാഗങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് കണ്‍സോള്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. ഇതിന്റെ 3ഡി മാഗ്നിഫൈഡ് ഇമേജുകളാണ് ഉപയോഗിച്ചാണ് സൂക്ഷ്മ പരിശോധന നടത്തുന്നത്. റോബോട്ടിക് സര്‍ജറി പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തിയതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജന്‍ ഷാനവാസ് റഷീദ് അഭിപ്രായപ്പെടുന്നു. ശസ്ത്രക്രിയയില്‍ കൂടുതല്‍ കൃത്യത പാലിക്കുന്നത് മൂലം രോഗികളുടെ ശരീരഭാഗങ്ങളിലുണ്ടാകുന്ന ക്ഷതങ്ങളുടെ തോത് കുറയും. കാന്‍സര്‍ ബാധിച്ച ശരീരഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിന് സമാന ശസ്ത്രക്രിയകള്‍ ഇനിയും ചെയ്യാന്‍ കഴിയുമെന്നും ഡോ. റഷീദ് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ലോക്ട്ടണിന് വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലായി കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും നടത്തിയിരുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയയാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ആശുപത്രി വിടാന്‍ ലോക്ട്ടണിന് കഴിഞ്ഞു. ഇത്രയും ചുരുങ്ങിയ ദിവസംകൊണ്ട് വീട്ടിലേക്ക് തിരച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലോക്ട്ടന്‍ പ്രതികരിച്ചു. റോയല്‍ മാര്‍സ്‌ഡെന്‍ ഹോസ്പിറ്റലിലാണ് യുകെയിലെ ഏറ്റവും വലിയ റോബോട്ടിക് സര്‍ജറി പ്രോഗ്രാമുള്ളത്.
Leave a Reply