ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. സര്‍വ്വകലാശാല അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ദളിത് വിദ്യാര്‍ത്ഥികളിലൊരാളായ രോഹിത് വെമുല ഇന്നലെയാണ് ഹോസ്റ്റലിനകത്ത് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടന കൊടിയില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യ കുറിപ്പിന്റെ പൂര്‍ണ രൂപം

ഗുഡ് മോണിങ്ഈ കത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടായിരിക്കില്ല. എനിക്കറിയാം നിങ്ങളില്‍ ചിലരെന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്, പ്രത്യേക പരിഗണന നല്‍കുന്നുണ്ട് ഇഷ്ടപ്പെടുന്നുണ്ട്, നന്നായി പെരുമാറുന്നുണ്ട്. എനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല. എല്ലാം എന്റെ കുറവുകളാല്‍ എനിക്കുണ്ടായ പ്രശ്‌നങ്ങളാണ്. എന്റെ അന്തരാത്മാവും ശരീരവും തമ്മിലുള്ള അകലം വര്‍ധിക്കുന്നതായി എനിക്ക് തോന്നുന്നുണ്ട്. ഞാനൊരു ഭീകരജീവിയായി മാറി. ഒരു എഴുത്തുകാരനാകണമെന്നായിരുന്നു എന്റെ എല്ലായെപ്പോഴത്തേയും ആഗ്രഹം. കാള്‍ സാഗനെ പോലെ ശാസ്ത്രകൃതികളെഴുതാന്‍. ഒടുവില്‍ എനിക്ക് എനിക്ക് എഴുതാന്‍ കഴിഞ്ഞത് ഈ കത്ത് മാത്രമാണ്.

ഞാന്‍ ശാസ്ത്രത്തേയും നക്ഷത്രത്തേയും പ്രകൃതിയേയും സ്‌നേഹിച്ചു. മനുഷ്യരേയും സ്‌നേഹിച്ചു, മനുഷ്യര്‍ പ്രകൃതിയില്‍ നിന്ന് അകന്ന് ജീവിക്കാന്‍ തുടങ്ങിട്ട് ഒരുപാട് നാളായെന്നറിയാതെ. നമ്മുടെ വികാരങ്ങള്‍ രണ്ടാം തരമാണ്, നമ്മുടെ സ്‌നേഹം നിര്‍മ്മിതമാണ്, നമ്മുടെ വിശ്വാസങ്ങളെല്ലാം നിറംപിടിച്ചവയാണ്. കൃത്രിമകലകളിലൂടെയാണ് നമ്മുടെ മൗലികത സാധുവായിതീരുന്നത്. വ്രണപ്പെടാതെ സ്‌നേഹിക്കാന്‍ കഴിയുകയെന്നത് തീര്‍ത്തും വിഷമമുള്ള കാര്യമായി കഴിഞ്ഞു.

പുറമെ കാണുക്കുന്ന വ്യക്തിത്വത്തിലേക്കും ഏറ്റവും അടുത്ത സാധ്യതകളിലേക്കുമായി ഒരു മനുഷ്യന്റെ മൂല്യം ചുരുങ്ങി കഴിഞ്ഞു. ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, ഒരു വസ്തുവിലേക്ക് എന്ന നിലയ്ക്ക് മാത്രമാണ് മനുഷ്യനെ എണ്ണുന്നത്, ഒരിക്കലും മനുഷ്യനെ ഒരു മനസെന്ന നിലയില്‍ അടയാളപ്പെടുത്തുന്നതേയില്ല. നക്ഷത്ര ധൂളികളില്‍ നിന്നാണ് എല്ലാം സൃഷ്ടിക്കപ്പെടുന്നത്, എല്ലാ മേഖലയിലും, പഠനത്തിലും, തെരുവിലും, രാഷ്ട്രീയത്തിലും ജീവനുള്ളതും അല്ലാത്തതുമായ എല്ലാ മേഖലയിലും.

ഞാന്‍ ആദ്യമായാണ് ഇത്തരത്തിലൊരു കത്തെഴുതുന്നത്. ഞാന്‍ ആദ്യമായി എഴുതുന്ന എന്റെ അവസാന കത്ത്. ഇതില്‍ പൊരുള്‍ എഴുതാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ എന്നോട് ക്ഷമിക്കൂ.

ഒരുപക്ഷേ എനിക്ക് തെറ്റുപറ്റിയതാവാം, എല്ലാ എപ്പോഴും ഈ ലോകത്തെ മനസ്സിലാക്കുന്നതില്‍. സ്‌നേഹം, വേദന,ജീവിതം, മരണം എന്നിവയെ മനസ്സിലാക്കുന്നതില്‍. തിടുക്കപ്പെടേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല, പക്ഷേ ഞാനെപ്പോഴും തിടുക്കത്തിലായിരുന്നു. ഒരു ജീവിതം കെട്ടിപ്പടുക്കുവാന്‍ നെട്ടോട്ടത്തിലായിരുന്നു.  എല്ലായെപ്പോഴും ചിലയാളുകള്‍ക്ക്‌ ജീവിതമെന്നത് ഒരു ശാപമാണ്. എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ ബാല്യകാല ഏകാന്തതയില്‍ നിന്ന് എനിക്കൊരിക്കലും മോചനം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഭൂതകാലത്തിലെ അഭിനന്ദിക്കപ്പെടാത്ത എന്റെ ഉള്ളിലെ കൊച്ചുകുട്ടിയില്‍ നിന്നും

ഈ സമയത്ത് ഞാന്‍ വ്രണിതഹൃദയനല്ല. എനിക്ക് സങ്കടമില്ല. പക്ഷേ ഞാന്‍ പൊള്ളയായ ഒന്നാണ്. എന്നേ കുറിച്ചു പോലും ചിന്തിക്കാനാവാത്ത വിധം ശൂന്യന്‍. ഈ അവസ്ഥ പരിതാപകരമാണ്. അതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്.

ഞാന്‍ വിടവാങ്ങിയതിന് ശേഷം ആളുകളെന്നെ ഭീരുവെന്ന് വിളിച്ചേക്കാം, സ്വാര്‍ത്ഥനെന്നും, ഒരു പക്ഷേ വിഡ്ഢിയെന്നും. എന്ത് വിളിക്കപ്പെട്ടേക്കുമെന്നതോര്‍ത്ത് ഞാന്‍ അസ്വസ്ഥനല്ല. മരണാനന്തര കഥകളിലും, പ്രേതങ്ങളിലും ആത്മാക്കളിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഇത്തരത്തിലെന്തെങ്കിലും ഞാന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത്, എനിക്ക് നക്ഷത്രങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നുള്ളതാണ്. മറ്റ് ലോകങ്ങളെ അടുത്തറിയാന്‍ കഴിയുമെന്നുള്ളതും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ കത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇത് ചെയ്യുക. ഏഴുമാസത്തെ ഫെല്ലോഷിപ്പ് ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ എനിക്ക് ലഭിക്കാനുണ്ട്. അത് എന്റെ കുടുംബത്തിന് ലഭിച്ചോയെന്ന് നോക്കണം. രാംജിക്ക് നാല്‍പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും അത് തിരിച്ച് ചോദിച്ചിട്ടില്ല. ആ കാശില്‍ നിന്ന് അദ്ദേഹത്തിനുളളത് കൊടുക്കണം.

എന്റെ സംസ്‌കാര ചടങ്ങുകള് ശാന്തമായും നിശബ്ദമായും നടത്തുക. ഞാന്‍ വന്നതായും മടങ്ങിയതായും മാത്രം കരുതുക. എനിക്കായ് കണ്ണീര്‍ പൊഴിക്കരുത്.ഓര്‍ക്കുക ജീവിച്ചിരിക്കുന്നതിലും സന്തോഷവാനായിരിക്കും മരണത്തില്‍ ഞാന്‍

‘നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്’

ഉമ അണ്ണ, നിങ്ങളുടെ മുറി ഇതിനായി തെരഞ്ഞെടുത്തതില്‍ ക്ഷമിക്കുക

എഎസ്എ കുടുംബത്തിനായി, നിങ്ങളെ നിരാശരാക്കിയതില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളെന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു. ഭാവിയില്‍ എല്ലാ നന്മകളും നേരുന്നു

അവസാനമായി ഒരിക്കല്‍ കൂടി,

ജയ് ഭീം

ഞാന്‍ ഔപചാരികമായ കാര്യങ്ങള്‍ എഴുതാന്‍ വിട്ടുപോയി. ഒരാള്‍ക്കും ഞാന്‍ എന്നെ സ്വയം ഇല്ലാതാക്കുന്നതില്‍ പങ്കില്ല. ഒരാളും എന്നെ പ്രേരിപ്പിച്ചിട്ടില്ല, പ്രവൃത്തിയാലോ വാക്കിനാലോ ഈ കൃത്യത്തിലേക്ക് നയിച്ചിട്ടില്ല. ഇതെന്റെ തീരുമാനമാണ്, ഉത്തരവാദി ഞാന്‍ മാത്രമാണ്. എന്റെ സുഹൃത്തുക്കളേയോ ശത്രുക്കളേയോ ഞാന്‍ പിന്‍വാങ്ങിയതിന് ശേഷം ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കരുത്.