ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡീപ്പ്ഫേക്ക് ഉപയോഗിച്ച് 77 കാരിയിൽ നിന്ന് തട്ടിപ്പുകാരൻ നേടിയത് 17,000 പൗണ്ട്. റൊമാൻസ് ഡീപ്ഫേക്ക് സ്‌കാമിങ്ങിന് ഇരയായത് 77 കാരിയായ നിക്കി മക്ലിയോഡ് ആണ്. ഡീപ്‌ഫേക്ക് വീഡിയോകളിലൂടെ താൻ ഒരു യഥാർത്ഥ സ്ത്രീയുമായി ആശയവിനിമയം നടത്തുകയാണെന്നാണ് നിക്കി കരുതിയത്. തുടക്കത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും ബോധ്യപ്പെടുത്തുന്ന AI- നിർമ്മിത വീഡിയോകൾ ഇവരുടെ സംശയങ്ങൾ തുടച്ച് മാറ്റി. പിന്നീട് ഗിഫ്റ്റ് കാർഡുകൾ അയയ്‌ക്കാനും ബാങ്ക്, പേപാൽ എന്നിവ വഴി സാമ്പത്തിക കൈമാറ്റങ്ങൾ നടത്താനും തട്ടിപ്പുകാരൻ പ്രേരിപ്പിക്കുകയായിരുന്നു.
എഡിൻബർഗിൽ നിന്നുള്ള നിക്കി മക്ലിയോഡ് ഒരു റിട്ടയേർഡ് ലക്ചററാണ്. ലോക്ക്ഡൗണും മാതാപിതാക്കളുടെ മരണത്തിനും ശേഷം ഇവർ ഓൺലൈനിൽ ആളുകളുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. ഇത്തരത്തിലുള്ള ഒരു ചാറ്റ് ഗ്രൂപ്പിൽ നിന്നാണ് എലാ മോർഗൻ എന്ന ആളെ കണ്ടുമുട്ടിയത്. ഒരു നോർത്ത് സീ ഓയിൽ റിഗിൽ ജോലി ചെയ്യുന്നതായി സ്വയം പരിചയപ്പെടുത്തിയ എലാ നിക്കിയെ ഇൻ്റർനെറ്റ് കണക്ഷൻ നിലനിർത്താൻ എന്ന് പറഞ്ഞു കൊണ്ട് സ്റ്റീം ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ പ്രേരിപ്പിച്ചു.
തുടക്കത്തിൽ വ്യാജമാണെന്ന സംശയം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഡീപ്ഫേക്ക് വീഡിയോകളും ഒരുമിച്ച് ഭാവിയെ കുറിച്ചുള്ള തെറ്റായ വാഗ്ദാനങ്ങളും അവ തുടച്ച് മാറ്റുന്നവയായിരുന്നു. ഇത്തരത്തിൽ പണം നൽകിയാണ് നിക്കിക്ക് 17,000 പൗണ്ട് നഷ്‌ടമായത്. ഈ അത്യാധുനിക AI – അധിഷ്ഠിത തട്ടിപ്പുകളെ കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയാണ് നിക്കി ഇപ്പോൾ. പിന്നീട് തത്സമയ വീഡിയോ കോളുകൾ നടത്താൻ ശ്രമിച്ചപ്പോൾ നടക്കാതെ വന്നപ്പോഴാണ് ഇതിലെ ചതി മനസിലായത്. ഇതിന് ശേഷവും മുൻകൂട്ടി റെക്കോർഡ് ചെയ്‌ത വിഡിയോകൾ നിക്കിക്ക് ലഭിച്ചുകൊണ്ടിരുന്നു. സ്‌കോട്ട്‌ലൻഡ് പോലീസ് ഇപ്പോൾ കേസ് അന്വേഷിച്ച് വരികയാണ്.
Leave a Reply