ലോക കപ്പ് യോഗ്യതാ മത്സരത്തിനിടെ ഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഊരിയെറിഞ്ഞ നായകന്റെ ആം ബാന്‍ഡ് ലേലത്തിന്. സെര്‍ബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്മയാണ് ആം ബാന്‍ഡ് ലേലത്തിനു വെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്റിലോ ദര്‍ദെവിക്ക് എന്ന കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം ശേഖരിക്കാനാണിത്.
ലോക കപ്പ് ക്വാളിഫയറില്‍ സെര്‍ബിയക്കെതിരെ നടന്ന മത്സരത്തിലാണ് റൊണാള്‍ഡോ ദേഷ്യപ്പെട്ട് ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് മൈതാനം വിട്ടത്. 93ാം മിനിറ്റില്‍ 2-2ന് കളി സമനിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍ ശ്രമം.
ഗോളെന്ന് കരുതി ക്രിസ്റ്റ്യാനോ ആഘോഷം തുടങ്ങിയെങ്കിലും സെര്‍ബിയന്‍ പ്രതിരോധ നിര താരം സ്റ്റെഫാന്റെ ശ്രമത്തില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നില്ലെന്നായിരുന്നു റഫറിയുടെ വിധി. എന്നാല്‍ റിപ്ലേകളില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നത് വ്യക്തമായിരുന്നു.
ഇത് ചോദ്യം ചെയ്തതോടെ ക്രിസ്റ്റ്യാനോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ഊരി എറിഞ്ഞ് മൈതാനം വിട്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ കാത്തു നില്‍ക്കാതെയായിരുന്നു പോര്‍ച്ചുഗല്‍ നായകന്റെ മടക്കം.
ആം ബാന്‍ഡ് സ്റ്റേഡിയം ജീവനക്കാരനിലൂടെ ശേഖരിച്ചാണ് ജീവകാരുണ്യ കൂട്ടായ്മ ലേലത്തിനു വെച്ചത്. മൂന്നുദിവസം ഓണ്‍ലൈന്‍ ലേലത്തിനുണ്ടാകും.
Leave a Reply