ന്യൂസ് ഡെസ്ക് മലയാളം യുകെ

മോസ്കോ : ആണവായുധങ്ങൾ സജ്ജമാക്കാനുള്ള പുടിന്റെ നിർദേശം കനത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. റഷ്യയ് ക്കെതിരെ നാറ്റോ പ്രകോപനപരമായ പ്രസ്താവനകൾ പുറത്തിറക്കുന്നെന്ന് പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പുടിൻ നിർദേശം നൽകിയെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയായ റഷ്യയുടെ ഈ തീരുമാനം ലോകരാജ്യങ്ങൾക്ക് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും വീണ അണുബോംബുകൾ ഇപ്പോഴും ഒരു ദുസ്വപ്നമായി ലോകത്തെ വേട്ടയാടുന്നുണ്ട്.

ഒറ്റയടിക്ക് ഒരു പ്രദേശം മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ വിതയ്ക്കുന്ന ദുരിതം ദശാബ്ദങ്ങൾ കൊണ്ടുപോലും അവസാനിക്കുന്നതല്ല. റഷ്യയുടെ ആണവായുധ ശേഖരത്തിന്റെ കൃത്യമായ കണക്ക് അജ്ഞാതമാണ്. സോവിയറ്റ് യൂണിയൻ നിലവിലുണ്ടായിരുന്നപ്പോൾ 40,000ത്തിലേറ ആണവായുധങ്ങൾ ഉണ്ടായിരുന്നെന്നാണ് കണക്ക്. ആണവോർജ്ജം ലോകത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ. 38 ന്യൂക്ലിയർ പവർ റിയാക്ടറുകൾ റഷ്യയിലുണ്ട്. സോവിയറ്റ് യൂണിയന്റെ വിഭജനത്തിന് പിന്നാലെ യുക്രെയിനും ആണവായുധങ്ങൾ ലഭിച്ചെങ്കിലും അത് റഷ്യയ്ക്ക് തിരികെ നൽകിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റഷ്യയുടെ സർമത്, പോസിഡൺ ടോർപിഡോ, ബെൽഗൊറോഡ് അന്തർവാഹിനി, അവൻഗാർഡ് ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ തുടങ്ങിയ ആണവായുധങ്ങൾ വാർത്തകളിൽ ഇടംനേടിയിരുന്നു. 1,500 ലേറെ ആണവ പോർമുനകൾ ശത്രുരാജ്യങ്ങളെ ഉന്നംവച്ച് റഷ്യ വിന്യസിച്ചിട്ടുണ്ടെന്നാണ് ദ ബുള്ളറ്റിൻ ഓഫ് അറ്റോമിക് സയന്റിസ്‌റ്റ്‌സിന്റെ വിലയിരുത്തൽ.

അതേസമയം, റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും. ചർച്ചയ്ക്കുമുമ്പായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വെടിനിർത്തലിന് ആവശ്യപ്പെട്ടു. ബെലറൂസ്-പോളണ്ട് അതിർത്തിയിൽ വെച്ചാണ് ചർച്ച നടക്കുക. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ചകളിൽ കാര്യമായ ഫലമുണ്ടായിരുന്നില്ല. അതിനാൽ ഈ ചർച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. സമാധാന ചർച്ചകൾ ഊർജിതമായി പുരോഗമിക്കുമ്പോഴും യുക്രൈനിലെ നിരവധി നഗരങ്ങളിൽ റഷ്യൻ സേനയുടെ അക്രമം തുടരുകയാണ്.