യു കെ :- ബ്രിട്ടനിൽ ഹോസ്പിറ്റാലിറ്റി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. യുകെയിൽ ഉടനീളം ആയിരക്കണക്കിന് റസ്റ്റോറന്റുകളും പബ്ബുകളുമാണ് ഇതു വരെ അടച്ചു പൂട്ടിയിരിക്കുന്നത്. ദിനംപ്രതി കുറഞ്ഞത് 10 സ്ഥാപനങ്ങളെങ്കിലും അടച്ചു പൂട്ടുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത് ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കുതിച്ചുയരുന്ന ഊർജ്ജ ബില്ലുകൾ, ജീവിത ചെലവുകളിൽ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വർദ്ധനവ്, ഉൽപാദന ചിലവുകളിൽ ഉണ്ടായിരിക്കുന്ന വർദ്ധന, കൂടാതെ കോവിഡിന്റെയും ബ്രെക്സിറ്റിന്റെയും അനന്തരഫലങ്ങൾ എന്നിവയെല്ലാം തന്നെ ഹോസ്പിറ്റാലിറ്റി മേഖലയെ താറുമാറാക്കിയിരിക്കുകയാണ്.

ഇൻഡസ്ട്രി കണക്കുകൾ പ്രകാരം, ബ്രിട്ടനിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിൽ 3.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 103682 എന്ന എണ്ണത്തിൽ നിന്നും കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ 99916 എന്ന കണക്കിലേക്ക് എത്തിയത് ഈ രംഗത്തെ തകർച്ച വ്യക്തമാക്കുന്നു. ആദ്യമായാണ് ഇത്തരത്തിൽ ലൈസൻസ് ഉള്ള സ്ഥാപനങ്ങളുടെ എണ്ണം 100000 ത്തിൽ താഴെ എത്തുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിരവധി മലയാളി സംരംഭകരുടെ ആകർഷണ മേഖലയായ ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയൽ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി, യുകെയിലെ മലയാളി ബിസിനസ് ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


ഹോസ്പിറ്റാലിറ്റി മേഖല വളരെയധികം പ്രശ്‌നങ്ങൾ നേരിടുന്നതായും, കോവിഡ് ബാധിച്ചതിന് ശേഷം തന്റെ ബിസിനസിന് ഒരു മില്യണിലധികം നഷ്ടമുണ്ടായതായും സെലിബ്രിറ്റി ഷെഫും റെസ്റ്റോറന്റ് ഉടമയുമായ ടോം കെറിഡ്ജ് ദി ഇൻഡിപെൻഡന്റ് ന്യൂസിനോട് പ്രതികരിച്ചു. ബ്രെക്‌സിറ്റിനെ തുടർന്നുണ്ടായ ഭക്ഷ്യ വിലക്കയറ്റവും ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവുമെല്ലാം വലിയ പ്രശ്‌നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഗവൺമെന്റിന്റെ അടിയന്തര നടപടിയാണ് ആവശ്യമെന്ന് വിദഗ്ധർ പ്രതികരിക്കുന്നു.