ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ മുതിർന്ന രാജകുടുംബാംഗങ്ങൾ തങ്ങളുടെ കുടുംബ ക്രിസ്മസ് കാർഡിലെ ചിത്രങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ വർഷം ആദ്യം നടന്ന കിരീടധാരണ ചടങ്ങിൽ കാമിലയോടൊപ്പമുള്ള ഒരു ചിത്രമാണ് ചാൾസ് രാജാവ് തന്റെ കാർഡിൽ തിരഞ്ഞെടുത്തിരിക്കുന്നത് . എന്നാൽ വെയിൽസ് രാജകുമാരനായ വില്യമും കേയ്റ്റും തങ്ങളുടെ കുടുംബത്തിന്റെ ഒരു മോണോക്രോം ചിത്രമാണ് അവരുടെ കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കസേരയിൽ ഇരിക്കുന്ന ഷാർലറ്റ് രാജകുമാരിക്ക് ചുറ്റും കുടുംബം നിൽക്കുന്ന തരത്തിലാണ് ഈ ചിത്രത്തിൽ. കിരീടധാരണത്തിനു ശേഷം കൊട്ടാരത്തിലെ സിംഹാസന മുറിയിൽ ചാൾസും കാമിലയും നിൽക്കുന്ന ഔപചാരിക ചിത്രം, വെയിൽസ് രാജകുമാരനും രാജകുമാരിയും തിരഞ്ഞെടുത്ത കുടുംബ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് വ്യത്യസ്തമാണ്. ചാൾസ് രാജാവ് ഇംപീരിയൽ സ്റ്റേറ്റ് കിരീടവും കാമില ക്വീൻ മേരിയുടെ കിരീടവും ധരിച്ച് നിൽക്കുന്ന ഈ ചിത്രം ഹ്യൂഗോ ബർണാണ്ട് എന്ന ഫോട്ടോഗ്രാഫറാണ് പകർത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


രാജാവ് കിരീടധാരണ വസ്ത്രവും എസ്റ്റേറ്റിന്റെ മേലങ്കിയുമാണ് ഈ ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. സ്വർണ്ണത്തിൽ എംബ്രോയ്ഡറി ചെയ്ത പർപ്പിൾ സിൽക്ക് വെൽവെറ്റ് കൊണ്ട് നിർമ്മിച്ച ഈ വസ്ത്രം 1937 ൽ ജോർജ്ജ് ആറാമൻ രാജാവും ധരിച്ചിരുന്നു. റാവൻസ്‌ക്രോഫ്റ്റും ഈഡും ചേർന്നാണ് കമിലാ രാജ്ഞിയുടെ റോബ് ഓഫ് എസ്റ്റേറ്റ് നിർമ്മിച്ചത്. റോയൽ സ്കൂൾ ഓഫ് നീഡിൽ വർക്ക് ഇതിൽ ഡിസൈൻ ചെയ്യുകയും കൈകൊണ്ട് എംബ്രോയ്ഡറി ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരെയും രാജാക്കന്മാരെയും രാജ്ഞികളെയും സെലിബ്രിറ്റികളെയും ഒരുമിച്ച് കൊണ്ടുവന്ന ചടങ്ങിൽ ചാൾസ് രാജാവും കാമില രാജ്ഞിയും ഈ വർഷമാദ്യമാണ് കിരീടം അണിഞ്ഞത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അയയ്‌ക്കുന്ന ക്രിസ്‌മസ് കാർഡുകൾക്കായുള്ള ഔദ്യോഗിക ചിത്രങ്ങൾ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ പുറത്തിറക്കുന്നത് ഒരു പതിവാണ്. അത്തരത്തിൽ പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് കാർഡിലെ ചിത്രങ്ങളാണ് ഇപ്പോൾ ബ്രിട്ടനിൽ ചർച്ചയായിരിക്കുന്നത്.