ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് റോയൽ നേവിയുടെ പരിശീലന പറക്കലിനിടെ തകർന്ന ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മൂന്ന് വ്യോമസേനാംഗങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു. അപകടത്തിൽ മരിച്ചത് ലെഫ്റ്റനന്റ് കമാൻഡർ ക്രിസ് ഗെയ്സൺ (42), ലെഫ്റ്റനന്റ് ലിലി-മേ ഫിഷർ (31), പെറ്റി ഓഫീസർ ഓവൻ ഗ്രീൻ (24) എന്നിവരാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ബുധനാഴ്ച പുലർച്ചെ ഡെവണിലെ ഒകെഹാംപ്ടൺ സമീപം പരിശീലനത്തിനിടെ ഹെലികോപ്റ്റർ തകർന്നായിരുന്നു അപകടം. അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. ഇവർ എല്ലാവരും സോമർസെറ്റിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

വനിതാ റോയൽ നേവി കമാൻഡോയായിരുന്ന ലിലി-മേ ഫിഷർ ഈ മാസം പൈലറ്റ് വിങ്സ് നേടാനിരിക്കെയാണ് മരണം സംഭവിച്ചത്. 2019ൽ നേവിയിൽ ചേർന്ന ഫിഷർ അതീവ സാഹസിക സ്വഭാവവും കഴിവും നിറഞ്ഞ വ്യക്തിയായിരുന്നു എന്ന് കുടുംബം പ്രതികരിച്ചു. അതേസമയം, പരിചയസമ്പന്നനായ ഹെലികോപ്റ്റർ പൈലറ്റും പരിശീലകനുമായിരുന്ന ക്രിസ് ഗെയ്സൺ നിരവധി സൈനിക ദൗത്യങ്ങളിൽ പങ്കെടുത്തിരുന്നു. വിവിധ സൈനിക വിഭാഗങ്ങളിലെ ഹെലികോപ്റ്റർ പൈലറ്റുമാർക്ക് പരിശീലനം നൽകിയിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. ഇരുവരുടെയും നഷ്ടം റോയൽ നേവിക്ക് വലിയ തിരിച്ചടിയാണെന്നാണ് സൈനിക നേതൃത്വം വ്യക്തമാക്കുന്നത്.

2022ൽ റോയൽ നേവിയിൽ ചേർന്ന ഓവൻ ഗ്രീൻ അടുത്തിടെ എയർക്രൂമാൻ വിങ്സ് നേടിയിരുന്നു. മൂന്ന് പേരുടെയും മരണത്തിൽ ആഴത്തിലുള്ള ദുഃഖത്തിലാണെന്ന് പ്രതിരോധ മന്ത്രാലയവും സൈനിക ഉദ്യോഗസ്ഥരും പ്രതികരിച്ചു. അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണ ഉറപ്പാക്കുമെന്നും സൈനിക അധികാരികൾ അറിയിച്ചു. അപകടസ്ഥലത്തിന് സമീപം നിരവധി പേർ പൂക്കൾ അർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നതും തുടരുകയാണ്.











Leave a Reply