തമിഴ്‌നാട്ടിലെ പൊളളാച്ചിയില്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുന്നൂറിൽപരം വിദ്യാര്‍ത്ഥിനികളെ 20 അംഗസംഘം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് 25 ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയ കോയമ്പത്തൂർ പൊലീസ് സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
പെണ്‍കുട്ടികളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ചതിയില്‍ വീഴ്ത്തുന്ന യുവാക്കളുടെ സംഘം കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇരുനൂറോളം പെണ്‍കുട്ടികളെയാണ് ലൈംഗികമായി ആക്രമിച്ചത്.
പ്രതികളെ രക്ഷിക്കാന്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ പ്രാദേശിക നേതാക്കള്‍ ഇടപെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇതിനെതിരെ പൊള്ളാച്ചിയില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.ചെന്നൈ, കോയമ്പത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ചു കൊണ്ട് സര്‍ക്കാര്‍ ഇടപെടലിനെതിരെ പ്രതിഷേധിച്ചത്.
പൊള്ളാച്ചി എസ്.പിയേയും ഡെപ്യൂട്ടി എസ്.പിയേയും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ടും പൗരാവകാശ പ്രവര്‍ത്തകര്‍ ചെന്നൈയിൽ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു.
അതിനിടെ, ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളുടെ ഐഡന്റിറ്റി പുറത്താകാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ തമിഴ്‌നാടിനു പുറത്ത് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഡൽഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ എ. രാജരാജനും ഡൽഹി സ്വദേശിയായ വില്യം വിനോദ് കുമാറുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Leave a Reply