പാലക്കാട്: ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ മേധാവികളാണ് പതാക ഉയര്‍ത്തേണ്ടതെന്ന സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് സംഭവം. സര്‍ക്കുലര്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് നടപടി.
വ്യാസവിദ്യാപീഠം സ്‌കൂള്‍ സിബിഎസ്ഇക്ക് കീഴിലായത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ബാധകമല്ലെന്നാണ് ആര്‍എസ്എസ് വാദം. സര്‍ക്കുലര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള കോഡിന്റെ ലംഘനമാണെന്നും ബിജെപി ആരോപിച്ചു. ഇന്നലെ വൈകീട്ട് പാലക്കാട് എത്തിയ മോഹന്‍ ഭഗവത് ഇന്നുമുതല്‍ പാലക്കാട് നടക്കുന്ന നടക്കുന്ന ആര്‍എസ്എസ് പ്രാന്തീയ (സംസ്ഥാന) കാര്യകര്‍തൃശിബിരത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഭഗവത് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ നടപടി വിവാദമായിരുന്നു. മോഹന്‍ ഭഗവത് സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുമെന്ന നേരത്തെ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് 14ന് രാത്രി ചടങ്ങുകള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് വകവെക്കാതെ സ്‌കൂള്‍ അധികൃതര്‍ മോഹന്‍ ഭഗവതിനെ ഉള്‍പ്പെടുത്തി ചടങ്ങുകള്‍ നടത്തി. നോട്ടീസ് ലംഘനം നടത്തിയ ആര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.
കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ നടന്ന റിപബ്ലിക്ക് ദിന ചടങ്ങില്‍ മോഹന്‍ ഭഗവതിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍, ബിജെപി സംഘടനാ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply