അനുജ സജീവ്

ജനലഴികളിൽ കൂടി പാറിപ്പറന്നെത്തുന്ന മഴത്തുളളികൾ ……. രാവിലെ തന്നെ മഴകനക്കുകയാണ്. തണുപ്പുമുണ്ട്. അനുപമ അച്ഛൻ കൊടുത്ത കമ്പിളി ഷാളിനുളളിലേക്കു തിരക്കുപിടിച്ചു കയറി. അപ്പോളാണ് ജനൽപ്പടിയിലിരിക്കുന്ന രുദ്രാക്ഷങ്ങൾ ശ്രദ്ധയിൽപെടുന്നത്. നേപ്പാളിലെ ഏതോ വീട്ടുമുറ്റത്തെ രുദ്രാക്ഷമരത്തിൽ നിന്നും വീണ രുദ്രാക്ഷങ്ങൾ എന്റെ ജനൽപടിയിൽ മഴത്തുളളികളുടെ നനവേറ്റ് വിറുങ്ങലിച്ചു കിടക്കുന്നു. അനുപമ കുറ്റബോധത്തോടെ ജനലിനടുത്തേക്കു നടന്നു. ഉണങ്ങാനായി വച്ച രുദ്രാക്ഷളാണ്. അദ്ദേഹം അവസാനമായി തന്ന മറക്കാൻ പറ്റാത്ത സമ്മാനം. ഫ്ളാറ്റിൽ ജോലിക്കുവരുന്ന ഏതോ ഒരു നേപ്പാളി പയ്യൻ കൊടുത്തതാണ്. അവന്റെ വീട്ടിലെ രുദ്രാക്ഷമരത്തിൽ നിന്നും കിട്ടിയതാണ് ഇൗ കണ്ണുനീർ മുത്തുകൾ. “മാലക്കൊരുക്കാം …..” എന്നൊരു അഭിപ്രായവും കേട്ടു.

ആർക്കുമാലകൊരുക്കാൻ…. ? എന്നൊരുചോദ്യം അനുപമയുടെ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ട് രുദ്രാക്ഷം എടുത്ത് ഒരുപാത്രത്തിലാക്കി അവൾ അടച്ചുവച്ചു. വർഷങ്ങൾക്കുശേഷം അലമാരിയിൽ എന്തോ തിരക്കി ചെന്നപ്പോളാണ് പാത്രം വീണ്ടും ശ്രദ്ധയിൽ പെട്ടത്. പാത്രം തുറന്നപ്പോൾ രുദ്രാക്ഷങ്ങൾ മുഴുവൻ വെളുത്ത പൂപ്പലുകൾ പിടിച്ചിരിക്കുന്നു. അതെടുത്ത് കഴുകി വൃത്തിയാക്കി ഉണങ്ങാൻ വച്ചതാണ് ജനൽപ്പടിയിൽ. പിന്നീട് അക്കാര്യമേ മറന്നു… മഴത്തുള്ളികൾ വീണ രുദ്രാക്ഷങ്ങൾ സാരിത്തലപ്പുകൊണ്ട് തുടയ്ക്കുമ്പോൾ കണ്ണിൽ നിന്നും പെയ്യുന്ന വെളുത്തമുത്തുകൾക്ക് അവസാനമില്ലാതാകുന്നു… നെറ്റിയിൽ തൊട്ട ചന്ദനക്കുറി നോക്കി “നീയെന്താ സന്യാസിനിയാവുകയാണോ…. ? ” എന്ന ചോദ്യത്തിന് ഇൗ രുദ്രാക്ഷവുമായി എന്തെങ്കിലും ബന്ധമുണ്ടോ ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാവി വസ്ത്രവും രുദ്രാക്ഷവും ജടപിടിച്ച മുടിയുമുള്ള ഞാൻ…അനുപമ ഞെട്ടലോടെ സ്വപ്നത്തിൽനിന്നുണർന്നു. ശിവഭഗവാന്റെ കണ്ണുനീരിന് മറ്റൊരാളുടെ കണ്ണുനനയ്ക്കാനൊക്കുമോ…അനുപമ വീണ്ടും ചിന്തയിലാണ്ടു. ആരൊക്കെയോ ചെലുത്തുന്ന ബലാബലങ്ങൾക്കു താൻ അടിമപ്പെടണമെന്നാണോ… കയ്യിലിരിക്കുന്ന രുദ്രാക്ഷങ്ങൾ ഒന്നൊന്നായി താഴേയ്ക്ക് വീണു കൊണ്ടിരുന്നു…

അനുജ സജീവ് : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .