നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തിന്റെ ഭാഗമായി റണ്‍വേ അടച്ചിടുകയും വിമാനനങ്ങങ്ങളുടെ സമയം പുനക്രമീകരിക്കുകയും ചെയ്യുന്ന ഏതെങ്കിലും വിമാനത്താവളത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരുപക്ഷെ, അത്തരത്തിലുള്ള ലോകത്തിലെ ഏക വിമാനത്താവളമായിരിക്കും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. എല്ലാ വര്‍ഷവും രണ്ട് തവണയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവങ്ങളുടെ ഭാഗമായി റണ്‍വേ അടച്ചിടുന്നത്.
ആറാട്ട് നടക്കുന്ന ദിവസം അഞ്ച് മണിക്കൂറോളമാണ് റണ്‍വേയുടെ പ്രവര്‍ത്തനം തടസപ്പെടുക. പൈങ്കുനി, അല്‍പശ്ശി ഉത്സവങ്ങളുടെ 10 ാം നാളിലാണ് ആറാട്ട് നടക്കുക. ഈ സമയം എയർപോർട്ട് അധികൃതർ ലോകത്താകമാനം ഉള്ള വൈമാനികർക്ക് ഒരു സന്ദേശവും (NOTAM) നൽകും. ഈ സന്ദേശം വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണിവരെ 5 മണിക്കൂർ കാലാവധിയിലേയ്ക്കുള്ളതാണ്. ഈ സമയ പരിധിയിൽ വിമാനതാവളത്തിലേക്കും പുറത്തേക്കും സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വിമാനങ്ങളുടെ സമയം പുനക്രമീകരിച്ചുകൊണ്ട് അറിയിപ്പും നല്‍കും.
അല്‍പശ്ശി ഉത്സവത്തിന്റെ ഭാഗമായാണ് ഇന്ന് (നവംബര്‍ 28, ശനിയാഴ്ച) നടക്കുന്ന ഘോഷയാത്ര.
ആറാട്ട് ഘോഷയാത്രയിൽ പദ്മാനഭസ്വാമിയുടെയും തിരുവമ്പാടി കൃഷ്ണന്റെയും നരസിംഹ മൂർത്തിയുടെയും തിടംബേകിയ ഗരുഡവാഹനങ്ങളും, ആനകളുടെ ഫ്ലോട്ടുകളും, ഷാഡോ പോലീസും, സായുധ പോലീസും, പോലീസ് ബാന്‍ഡും, പള്ളിവാളേന്തിയ മഹാരാജാവും ഒക്കെ ചേർന്നുള്ള ഒരു എഴുന്നെള്ളത്. പക്ഷെ അത് കാണാൻ എല്ലാവർക്കും ഭാഗ്യം ലഭിക്കില്ല. പ്രത്യേക പാസ് ഉള്ളവർക്ക് മാത്രമേ ആ സമയത്ത് റണ്‍വേയിൽ നിൽക്കുവാൻ അവകാശമുള്ളൂ. ഒരു ആറാട്ട് ഘോഷയാത്ര ഒരു വശത്ത് നിർത്തിയിട്ടിരുക്കുന്ന വിമാനങ്ങളുടെ അടുത്ത് കൂടി കടന്നു പോവുന്ന അത്യപൂർവ കാഴ്ച. 3400 മീറ്റർ നീളമുള്ള റണ്‍വേ ഈ സമയം മുഴുവൻ പൂര്‍ണ്ണമായും സി.ഐ.എസ്.എഫിന്റെ സുരക്ഷാ വലയത്തിലായിരിക്കും.
വള്ളക്കടവ് ഭാഗത്ത് വച്ചാണ് ഘോഷയാത്ര റണ്‍വേയിലേക്ക് പ്രവേശിക്കുന്നത്. ഇതിനായി പ്രത്യേക ഗേറ്റുമുണ്ട്. ഉത്സവകാലത്ത് മാത്രമാണ് ഈ ഗേറ്റ് തുറക്കുക.
കടപ്പുറത്ത് എത്തുന്ന വിഗ്രഹങ്ങള്‍ ആറാട്ട് കടവില്‍ ആറാട്ട് നിര്‍വഹിച്ച ശേഷം തിരിച്ചു റണ്‍വേയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ വിമാനത്താവളം വീണ്ടും പ്രവര്‍ത്തന സജ്ജമാകും.
ഒരാഴ്ച മുന്‍പ് ലോകമെമ്പാടുമുള്ള വൈമാനികര്‍ക്ക് നോട്ടം (NOTAM) നല്‍കിയതായും വിമാന സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ടെന്നും വിമാനത്താവള ഡയറക്ടര്‍ ജോര്‍ജ് ജി തരകന്‍ പറഞ്ഞു.
1932 ല്‍ കേണല്‍ ഗോദവര്‍മ രാജയാണ് റോയല്‍ ഫ്ലയിംഗ് ക്ലബിന്റെ ഭാഗമായി തിരുവനന്തപുരത്ത് വിമാനത്താവളം സ്ഥാപിക്കുന്നത്. 1935 ല്‍ ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവ് മുന്‍കൈയെടുത്താണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. ടാറ്റ എയര്‍ലൈന്‍സ് (ഇപ്പോള്‍ എയര്‍ ഇന്ത്യ) വിമാനമാണ് ഇവിടെ ആദ്യമായി ഇറങ്ങിയത്. അതുവരെ കൊല്ലം ആശ്രാമത്തായിരുന്ന വിമാനത്താവളം ഇവിടേക്ക് മാറ്റുകയായിരുന്നു. നഗരകേന്ദ്രത്തില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളമെന്ന പ്രത്യേകതയും തിരുവനന്തപുരത്തിനുണ്ട്.
സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറും ഇന്ത്യാ ഗവണ്‍മെന്റുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് ആറാട്ടിന്റെ ആചാരം മാറ്റമില്ലാതെ തുടരുന്നത്. രാജ്യഭരണാധികാരിയായി കരുതിയിരുന്ന ശ്രീപദ്മനാഭനുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ മുടക്കമില്ലാതെ നടത്താനുള്ള അവകാശം ഈ കരാറില്‍ കേന്ദ്രസര്‍ക്കാര്‍, തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയ്ക്ക് നല്‍കി. 1949 ജൂലായ് ഒന്നിനാണ് ഇത് നിലവില്‍വന്നത്.
Leave a Reply