മുംബൈ: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്നത്തെ വ്യാപാരത്തിൽ ഒരു ഡോളറിന് 90 രൂപ 71 പൈസ എന്ന നിലയിലേക്കാണ് രൂപ തകർന്നത്. ഡിസംബർ 12ന് രേഖപ്പെടുത്തിയിരുന്ന 90.55 രൂപ എന്ന മുൻ റെക്കോർഡ് ഇതോടെ മറികടന്നു. ഇന്നത്തെ വിനിമയത്തിൽ രൂപ തിരിച്ചുവരവിന് ഒരിക്കൽപോലും ശ്രമിച്ചില്ലെന്നതും ഇടിവിന്റെ തീവ്രത വ്യക്തമാക്കുന്നു.
കഴിഞ്ഞ പതിനഞ്ച് ദിവസമായി രൂപ തുടർച്ചയായ സമ്മർദത്തിലാണ്. ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ കാലതാമസം, വിദേശ നിക്ഷേപകർ പിന്മാറിയത്, വർധിച്ചുവരുന്ന വ്യാപാര കമ്മി എന്നിവയാണ് ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ഈ വർഷം മാത്രം ഡോളറിനെതിരെ 5 ശതമാനത്തിലധികം മൂല്യത്തകർച്ച രേഖപ്പെടുത്തിയ രൂപ, ആഗോള കറൻസികളിൽ ഏറ്റവും ദുർബല പ്രകടനം കാഴ്ച വെച്ചവയിൽ ഒന്നായി മാറിയിരിക്കുകയാണ്. ഡോളർ സൂചിക ഇടിഞ്ഞിട്ടും രൂപയുടെ ഇടിവ് തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നു.
അതേസമയം, ഓഹരി വിപണിയും ഇന്ന് തകർച്ചയിലാണ്. സെൻസെക്സ് 298.86 പോയിന്റ് നഷ്ടത്തോടെ 84,968.80ലും നിഫ്റ്റി 121.40 പോയിന്റ് കുറഞ്ഞ് 25,925.55ലുമാണ് വ്യാപാരം. വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 1,114.22 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതും രൂപയ്ക്ക് അധിക സമ്മർദമുണ്ടാക്കി. ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വം തുടരുന്നിടത്തോളം വിപണിയിലും രൂപയിലും അസ്ഥിരത തുടരുമെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധർ നൽകുന്നത്.











Leave a Reply