ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രമുഖ ഹാസ്യ നടൻ റസ്സൽ ബ്രാൻഡിനെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു. നിരവധി ആരോപണങ്ങൾക്ക് ശേഷം 2023 സെപ്റ്റംബറിൽ ആണ് റസ്സൽ ബ്രാൻഡിനെതിരെ നടപടി ആരംഭിച്ചത്. ബ്രാൻഡ് മെയ് 2 ന് ലണ്ടനിലെ കോടതിയിൽ ഹാജരാകുമെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.
നാല് സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ആണ് ഇയാൾക്ക് എതിരെ ഉയർന്നു വന്നിരിക്കുന്നത്. ബലാത്സംഗം, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങളാണ് പോലീസിന്റെ കുറ്റപത്രത്തിൽ ഉള്ളത്. വേറെ ആർക്കെങ്കിലും സമാനമായ പരാതികൾ ഉണ്ടെങ്കിൽ മുന്നോട്ടുവരണമെന്ന് മെട്രോപോളിറ്റൻ പോലീസ് അഭ്യർത്ഥിച്ചു. 1999 ൽ ബോൺമൗത്ത് ഏരിയയിൽ ബ്രാൻഡ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. ഇത് കൂടാതെ വേറെയും ആരോപണങ്ങൾ കൂടി ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
2001 ൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഏരിയയിൽ ഒരു സ്ത്രീയെ അസഭ്യം പറഞ്ഞു, 2004 ൽ വെസ്റ്റ്മിൻസ്റ്ററിൽ ഒരു സ്ത്രീയോടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കുകയും ചെയ്തു, വെസ്റ്റ്മിൻസ്റ്ററിൽ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് റസ്സൽ ബ്രാൻഡിനെതിരെ ഉയർന്നു വന്നിരിക്കുന്ന മറ്റ് ആരോപണങ്ങൾ. കേസന്വേഷണം തുടരുകയാണെന്നും ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകൾക്ക് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന മെട്രോപൊളിറ്റൻ പോലീസിൽ നിന്നുള്ള ഡെറ്റ് സൂപ്റ്റ് ആൻഡി ഫർഫി പറഞ്ഞു.
Leave a Reply