ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- ഐടിവിയിലെ ദിസ്‌ മോർണിംഗ് ഷോയിലെ സഹപ്രവർത്തകനുമായി തനിക്ക് ബന്ധമുണ്ടെന്നും അത് മറയ്ക്കാൻ താൻ കള്ളം പറയുകയും ചെയ്തെന്ന ഫിലിപ്പ് സ്കോഫീൽഡിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ചാൾസ് രാജാവിന്റെ ചാരിറ്റി ട്രസ്റ്റിന്റെ അംബാസഡർ സ്ഥാനത്തു നിന്നും അദ്ദേഹത്തെ ഒഴിവാക്കി. അറുപത്തിയൊന്നുകാരനായ സ്കോഫീൽഡ് തന്നെക്കാൾ പ്രായം കുറഞ്ഞ സഹപ്രവർത്തകനുമായുള്ള ഈ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും താൻ ഐടിവി വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സഹ പ്രവർത്തകയായ ഹോളി വില്ലോബിയുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെത്തുടർന്ന് അദ്ദേഹം ഐടിവിയുടെ ദിസ് മോർണിംഗിലെ തന്റെ റോൾ ഉപേക്ഷിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇത് സംഭവിച്ചത്. ധനസമാഹരണത്തിലൂടെയും ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചാരിറ്റിയെ പിന്തുണയ്ക്കുന്ന നിരവധി സെലിബ്രിറ്റി അംബാസഡർമാർ പ്രിൻസ് ട്രസ്റ്റിനുണ്ട്. എന്നാൽ ഐടിവിയിലെ സമീപകാല സംഭവങ്ങൾ “ആശങ്ക ഉളവാക്കുന്നു” എന്നും ഐടിവി മേധാവികളിൽ നിന്ന് ഉത്തരങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണെന്നും മുൻ ബിബിസി ജേണലിസ്റ്റും എസ്എൻപിയുടെ സാംസ്കാരിക വക്താവുമായ ജോൺ നിക്കോൾസൺ എംപി ട്വിറ്ററിൽ പറഞ്ഞു.


നിലവിൽ ഉയർന്നുവന്നിരിക്കുന്ന വിവാദങ്ങളെ തുടർന്നാണ് ചാരിറ്റി ട്രസ്റ്റിന്റെ അംബാസഡർ സ്ഥാനത്ത് നിന്നും സ്‌കോഫീൽഡിനെ പുറത്താക്കിയത്. സ്‌കോഫീൽഡ് സ്റ്റെഫനി ലോയുമായുള്ള തന്റെ വിവാഹ ബന്ധം തുടരുന്നതിനിടെ തന്നെയാണ് തന്നെക്കാൾ പ്രായം കുറഞ്ഞ സഹപ്രവർത്തകനുമായുള്ള ബന്ധം ആരംഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദിസ് മോണിംഗിലെ സഹ അവതാരകയായ വില്ലോബിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് ഐടിവിയിൽ നിന്നുള്ള ഫിലിപ്പിന്റെ രാജി എന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും, പിന്നീടാണ് അദ്ദേഹം ഈ നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയത്. 2002 മുതൽ തന്നെ അദ്ദേഹം ഈ ഷോയുടെ അവതാരകരിൽ ഒരാളായി പ്രവർത്തിച്ചുവരികയായിരുന്നു.