ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാണിച്ചെന്ന കാരണത്താല്‍ റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്. വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയാണ് (വാഡ) റഷ്യയെ വിലക്കിയത്. ഇതേതുടര്‍ന്ന് അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സിലും 2022 ഖത്തര്‍ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്സിലും റഷ്യയ്ക്ക് മത്സരിക്കാന്‍ കഴിയില്ല. അതേസമയം ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാല്‍ റഷ്യയിലെ കായികതാരങ്ങള്‍ക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്സില്‍ മത്സരിക്കാം. സെന്റ്പീറ്റേഴ്സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളില്‍ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല.
സ്വിറ്റ്സര്‍ലന്‍ഡിലെ ലൗസെയ്നില്‍ നടന്ന വാഡയുടെ യോഗത്തിലാണ് റഷ്യയെ വിലക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ഏകകണ്ഠമായിരുന്നു തീരുമാനം. വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം. ഈ വര്‍ഷം ജനുവരിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റഷ്യ ആന്റി ഡോപിങ് ഏജന്‍സി (റുസാഡ) നല്കിയ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്നതാണ് പരാതി.
Leave a Reply