ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാരവൃത്തി നടത്തിയതായി ആരോപിച്ച് ബ്രിട്ടീഷ് നയതന്ത്രജ്ഞനെ റഷ്യ പുറത്താക്കി. സംഭവത്തെ തുടർന്ന് ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവയെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തെ കുറിച്ച് യുകെ വിദേശകാര്യ ഓഫീസിൽ നിന്നോ മോസ്കോയിലെ ബ്രിട്ടീഷ് എംബസിയിൽ നിന്നോ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.


ബ്രിട്ടീഷ് നയതന്ത്രജ്ഞൻ തന്റെ രേഖകളിൽ തെറ്റായ വിവരങ്ങൾ നൽകിയതും ചാരവൃത്തിയും അട്ടിമറി പ്രവർത്തനങ്ങളും നടത്തുകയും ചെയ്തതായും ആണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത് . ഇപ്പോൾ പുറത്താക്കിയ നയതന്ത്രജ്ഞൻ നേരത്തെ റഷ്യ പുറത്താക്കിയ ആറ് നയതന്ത്രജ്ഞരിൽ ഒരാളുടെ പകരക്കാരനായി എത്തിയതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2022 -ൽ ഉക്രയിനിലേയ്ക്ക് നടത്തിയ അധിനിവേശത്തിന് ശേഷം റഷ്യയും യു കെയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്.


കഴിഞ്ഞ ആഴ്ച റഷ്യക്കെതിരെ യുകെ നൽകിയ മിസൈലുകൾ ഉക്രയിൻ ഉപയോഗിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നതിന് കാരണമായി . യുദ്ധം തുടങ്ങിയതിനു ശേഷം രണ്ടു രാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് സാധാരണമായിരുന്നു. ഈ വർഷം ആദ്യം ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ക്യാപ്റ്റൻ അഡ്രിയാൻ കോഗില്ലിനോട് ഒരാഴ്ചയ്ക്കുള്ളിൽ രാജ്യം വിടാൻ റഷ്യ ആവശ്യപ്പെട്ടിരുന്നു. റഷ്യൻ പ്രതിരോധ അറ്റാഷെയെ ലണ്ടനിൽ നിന്ന് പുറത്താക്കിയതിനെ പകരമായിട്ടായിരുന്നു ചാരവൃത്തി ആരോപിച്ചുള്ള ഈ നടപടി