ന്യൂസ് ഡെസ്ക്, മലയാളം യുകെ
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സെയ് നവൽനിയെ രണ്ട് വർഷം മുൻപ് ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് യുകെ ഉൾപ്പെടെ അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ ഇന്റലിജൻസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമനി, സ്വീഡൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങൾ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിലാണ് ഈ ആരോപണം. എന്നാൽ യുഎസ് ഈ അന്വേഷണത്തിൽ പങ്കെടുത്തിട്ടില്ല. സൈബീരിയയിൽ 19 വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് നവൽനി മരിച്ചത്. സംസ്കാരത്തിന് മുൻപ് ശേഖരിച്ച ശരീര സാമ്പിളുകൾ രണ്ട് രാജ്യങ്ങളിലെ ലബോറട്ടറികളിൽ പരിശോധിച്ചപ്പോൾ തവളകളുടെ ചർമത്തിൽ നിന്നുള്ള മാരക വിഷാംശം കണ്ടെത്തിയതായാണ് റിപ്പോർട്ട്.

ഈ വിഷം വിനിയോഗിക്കാൻ ശേഷിയും ഉദ്ദേശ്യവും അവസരവും റഷ്യൻ രാഷ്ട്രത്തിനുമാത്രം ഉണ്ടായിരുന്നു” വെന്നും നവൽനിയുടെ മരണത്തിന് റഷ്യ ഉത്തരവാദിയാണെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. തെക്കേ അമേരിക്കയിലെ വന്യജീവികളായ ഡാർട്ട് ഫ്രോഗുകളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഈ വിഷം റഷ്യയിൽ സ്വാഭാവികമായി ലഭ്യമല്ലെന്നും, തടവറയിൽ കഴിയുന്ന നവൽനിയുടെ ശരീരത്തിൽ ഇത് കണ്ടെത്താനുള്ള വിശദീകരണം ഒന്നുമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിഷപ്രയോഗം കടത്തമാണെന്നു വിശേഷിപ്പിച്ച യുകെ, രാസായുധ നിരോധന കൺവെൻഷൻ ലംഘിച്ചുവെന്നാരോപിച്ച് റഷ്യയെ ഓർഗനൈസേഷൻ ഫോർ ദ പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിന് മുന്നിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു . 2006-ൽ ലണ്ടനിൽ അലക്സാണ്ടർ ലിറ്റ്വിനെങ്കോയുടെ പോളോണിയം വിഷബാധ മരണം, 2018-ൽ സാലിസ്ബറിയിൽ മുൻ ചാരനായ സെർഗെയ് സ്ക്രിപാലിനെതിരായ നർവ് ഏജന്റ് ആക്രമണം, നവൽനിക്കെതിരായ മുൻ വിഷപ്രയോഗശ്രമം എന്നിവ റഷ്യയുടെ രാസ ആയുധ പ്രയോഗത്തിന് ഉദാഹരങ്ങളായാണ് വിലയിരുത്തപ്പെടുന്നത് .

നവൽനിയുടെ ഭാര്യ യൂലിയ നവൽനയ 2024-ലെ മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ എന്റെ ഭർത്താവിനെ പുടിൻ രാസായുധം ഉപയോഗിച്ച് കൊന്നു എന്ന് പ്രതികരിച്ചത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ശ്വാസതടസം, പക്ഷാഘാതം, വേദനാജനകമായ മരണം എന്നിവയ്ക്ക് കാരണമാകുന്ന വിഷമാണ് ഉപയോഗിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. യുകെ വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പർ, നവൽനിയെ നിശ്ശബ്ദനാക്കാൻ ക്രെംലിൻ സ്വീകരിച്ച ക്രൂര നീക്കമാണ് ഇത് എന്നു പറഞ്ഞു. 2017-ൽ രാസായുധങ്ങൾ നശിപ്പിച്ചതായി റഷ്യ പറഞ്ഞിരുന്നുവെങ്കിലും അതെല്ലാം പൂർണ്ണമായിരുന്നില്ലെന്നും, ജൈവ-വിഷായുധ കൺവെൻഷൻ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്നുമാണ് യുകെയുടെ ആരോപണം. യുക്രെയ്നിൽ യുദ്ധഭൂമിയിലും റഷ്യ രാസായുധങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണവും യുകെ ആവർത്തിച്ചു.











Leave a Reply