ബ്രിട്ടനുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പഠിക്കുന്ന റഷ്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിക്കാനൊരുങ്ങി പുടിന്‍ സര്‍ക്കാര്‍. റഷ്യയുമായുള്ള നയതന്ത്രബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാല്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സ്്ക്രിപാലും മകളും സാലിസ്‌ബെറിയിലെ ഒരു പാര്‍ക്കില്‍ വെച്ചാണ് ആക്രമിക്കപ്പെടുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റ് നോവിചോക് ഉപയോഗിച്ചായിരുന്നു ഇവരെ അപായപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചിരുന്നു. എന്നാല്‍ മോസ്‌കോ ഇക്കാര്യം നിഷേധിച്ചു.
തുടര്‍ന്ന് ബ്രിട്ടനും റഷ്യയും തമ്മില്‍ കടുത്ത ശീതയുദ്ധം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് യുകെയിലുള്ള റഷ്യന്‍ ഡിപ്ലോമാറ്റുകളെ തെരേസ മെയ് പുറത്താക്കി. മറുപടിയായി റഷ്യയും ബ്രിട്ടീഷ് ഡിപ്ലോമാറ്റുകളെ പുറത്താക്കിയിരുന്നു. 60,000 ത്തോളം റഷ്യന്‍ വിദ്യാര്‍ത്ഥികളാണ് ഇതര രാജ്യങ്ങളില്‍ ഉന്നത വിദ്യഭ്യാസം തേടുന്നത്. ഇവര്‍ നാട്ടിലേക്ക് തിരിച്ചു വന്നാല്‍ പഠനം പൂര്‍ത്തീകരിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. യുകെയിലും ഇതര പാശ്ചാത്യ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
മറ്റു രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയന്‍ രാസായുധ കേന്ദ്രത്തിന് നേരെ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ആക്രമണത്തെ അപലപിച്ച് റഷ്യ രംഗത്ത് വന്നിരുന്നു. റഷ്യക്കെതിരായ നീക്കങ്ങള്‍ വെസ്റ്റേണ്‍ രാജ്യങ്ങള്‍ നീക്കം ശക്തമാക്കിയതോടെ കൂടുതല്‍ മുന്‍ കരുതലുകളെടുക്കാന്‍ തയ്യാറെടുക്കുകയാണ് പുടിന്‍ ഭരണകൂടം. അതേ സമയം ബിസിനസ്, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബ്രിട്ടനിലേക്ക് റഷ്യന്‍ പൗരന്മാര്‍ക്ക് ഏത് സമയം വേണമെങ്കിലും കടന്നുവരാമെന്നും അവരെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നതായും ബ്രിട്ടീഷ് എംബസി അറിയിച്ചു.
Leave a Reply