ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സ്വതന്ത്ര്യ രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയച്ച പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ നടപടിക്കെതിരെ ലോകരാജ്യങ്ങൾ. കഴിഞ്ഞ ദിവസമാണ് യുക്രൈനിലെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര്യ രാജ്യങ്ങളായി പുടിൻ പ്രഖ്യാപിച്ചത്. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്സ്‌കിനേയും ലുഹാന്‍സ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്. പുടിന്റെ ഈ നടപടി ലോകത്തെ വീണ്ടും യുദ്ധഭീതിയിലാക്കി.
പുടിന്റെ നടപടിയെ തുടർന്ന് റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥിരീകരിച്ചു. റഷ്യന്‍ കമ്പനികള്‍ക്ക് യുഎസ് ഡോളറും ബ്രിട്ടീഷ് പൗണ്ടും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും ലണ്ടനില്‍ വ്യാപാരം നടത്തുന്നതിന് പണം ശേഖരിക്കുന്നത് തടയുമെന്നും ജോൺസൻ വ്യക്തമാക്കി.
മൂന്ന് റഷ്യൻ ശതകോടീശ്വരന്മാർക്കും അഞ്ച് ബാങ്കുകൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയത്. യുക്രൈന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും ലംഘനമാണ് പുടിന്റെ തീരുമാനമെന്ന് ജോൺസൻ പാർലമെന്റിൽ പറഞ്ഞു.
2014-ലെയും 15-ലെയും മിൻസ്‌ക് സമാധാന ഉടമ്പടികളുടെ ലംഘനമാണ് പുടിന്റേതെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർ പറഞ്ഞു. റഷ്യയിൽ നിന്ന് ജർമനി യിലേക്കുള്ള നോർഡ് സ്ട്രീം 2 വാതക പൈപ്പ്ലൈൻ പദ്ധതി ജർമനി ചാൻസലർ ഒലാഫ് ഷോൾസ് മരവിപ്പിച്ചു. ഇത്തരം അധിനിവേശങ്ങളിലൂടെ സമാധാന ശ്രമങ്ങളെ ആട്ടിമറിക്കുകയാണ് റഷ്യയെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.
Leave a Reply