ന്യൂസ് ഡെസ്ക് മലയാളം യുകെ
1945-ന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധം റഷ്യ ആസൂത്രണം ചെയ്യുന്നു എന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ലഭിച്ച സൂചനകൾ അനുസരിച്ച് യുദ്ധത്തിനായുള്ള പദ്ധതി ഇതിനോടകം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഉക്രേനിയൻ തലസ്ഥാനമായ കൈവിനെ വളഞ്ഞ് ആക്രമണം നടത്താനാണ് റഷ്യ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം 169,000 ത്തിനും 190,000 ത്തിനും ഇടയിലുള്ള റഷ്യൻ സൈനികരാണ് ഉക്രെയ്ൻ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുള്ളത്.
ഉക്രെയ് നിനുമേൽ റഷ്യയുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അത്തരം ഒരു നീക്കം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ, നിർണായകമായ തീരുമാനങ്ങൾ യു എസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ൻ അതിർത്തിയിലുള്ള കുറച്ചധികം സൈനികരെ പിൻവലിച്ചതായി റഷ്യൻ പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഈ നീക്കം സ്ഥിരീകരിക്കാനാവില്ലെന്ന് ജോ ബൈഡൻ പറഞ്ഞു. അത്തരത്തിൽ പിൻമാറ്റം ഉണ്ടെങ്കിൽ അത് സന്തോഷകരമായ വാർത്തയാണെന്നും, എന്നാൽ സൈനികർ പിന്മാറിയതായി സ്ഥിരീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ ഏത് സമയത്തും ആക്രമിക്കാനുള്ള ഒരുക്കത്തിലാണെന്ന് പാശ്ചാത്യരാജ്യങ്ങളിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ചകളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സൈന്യം ഈ മേഖലയിൽ സൈനികാഭ്യാസം നടത്തുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് ഈ അവകാശവാദങ്ങളെ റഷ്യ നിഷേധിച്ചു.അതേസമയം റഷ്യ, ഉക്രെയ്നെ ഏത് നിമിഷവും ആക്രമിക്കാമെന്ന് മുന്നറിയിപ്പ് വന്നതോടെ ഉക്രെയ് നിലുള്ള ബ്രിട്ടീഷുകാരോട് രാജ്യം വിടാൻ ബ്രിട്ടീഷ് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Leave a Reply