ലണ്ടന്‍: ബ്രിട്ടനിലെ അടിസ്ഥാന സൗകര്യങ്ങളിലും എനര്‍ജി സപ്ലൈകളിലും ആക്രമണങ്ങള്‍ നടത്തി ആയിരങ്ങളെ ഇല്ലാതാക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്യംസണ്‍. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാജ്യസുരക്ഷയിലുള്ള ആശങ്ക പങ്കുവെച്ചത്. യുകെയുടെ അടിസ്ഥാന സൗകര്യങ്ങളേക്കുറിച്ച് റഷ്യ നിരീക്ഷണം നടത്തി വരികയാണെന്നും ഇവയിലെ ഊര്‍ജ്ജ വിതരണ സംവിധാനങ്ങള്‍ എപ്രകാരമണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം പ്രധാനമായും പഠന വിധേയമാക്കുന്നുണ്ടെന്നുമാണ് ഡിഫന്‍സ് സെക്രട്ടറി പറഞ്ഞത്.
വലിയ തോതില്‍ പരിഭ്രാന്തി സൃഷ്ടിച്ച ശേഷം പിന്മാറിക്കൊണ്ടുള്ള തന്ത്രമായിരിക്കും റഷ്യ പ്രയോഗിക്കുക. യുകെയ്ക്ക് മൂന്ന് സമുദ്രാന്തര വൈദ്യുതി ലൈനുകളാണ് ഉള്ളത്. 30 ലക്ഷം ആളുകള്‍ക്ക് വൈദ്യുതി ലഭിക്കുന്നത് ഇവയിലൂടെയാണ്. ഇവയില്‍ ക്രെലിന്റെ കണ്ണുകള്‍ എത്തിയിട്ടുണ്ടെന്നും പവര്‍ സ്റ്റേഷനുകളെയും ഈ ലൈനുകളെയും റഷ്യ ആക്രമിച്ചേക്കാമെന്നുമാണ് വില്യംസണ്‍ പറയുന്നത്. അങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കാനാണ് പദ്ധതി.
ഇത്തരം ആക്രമണങ്ങളിലൂടെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ നശിപ്പിക്കാമെന്നും രാജ്യമൊട്ടാകെ പരിഭ്രാന്തി പരത്താമെന്നും റഷ്യ കണക്ക് കൂട്ടുന്നു. സമുദ്രാന്തര്‍ഭാഗത്തെ ഈ ആക്രമണം കൂടാതെ ഒരു മിസൈല്‍ ആക്രമണമോ സൈബര്‍ ആക്രമണമോ പ്രതീക്ഷിക്കാമെന്നും വില്യംസണ്‍ പറഞ്ഞു. റഷ്യന്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സൈനിക ബജറ്റില്‍ കാര്യമായ വര്‍ദ്ധന വരുത്തണമെന്ന് കരസേനാ മേധാവി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യ ഭീഷണിയാണെന്ന് പ്രതിരോധ സെക്രട്ടറിയും ആവര്‍ത്തിക്കുന്നത്.
Leave a Reply