റഷ്യന്‍ ഡബിള്‍ ഏജന്റും മകളും സാലിസ്‌ബെറിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പശ്ചാത്യ രാജ്യങ്ങളുടെ ശക്തി റഷ്യ വിലകുറച്ചു കാണുകയാണെന്ന് നാറ്റോ തലവന്‍. തിരിച്ചടിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശക്തിയെ റഷ്യ വിലകുറച്ചു കണ്ടിരിക്കുകയാണ് അതിന്റെ പ്രതിഫലനമാണ് സാലിസ്‌ബെറിയില്‍ കണ്ടത്. എന്നാല്‍ യൂറോപ്യന്‍ റിസര്‍വ് സൈന്യത്തിന് വന്‍ തിരിച്ചടി നല്‍കാനുള്ള ശക്തിയുണ്ടെന്ന് നാറ്റോ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടണ്‍ബര്‍ഗ് മോസ്‌കോയ്ക്ക് മുന്നറിയിപ്പ് നല്‍കി. സാലിസ്‌ബെറിയില്‍ നടന്ന നെര്‍വ് ഏജന്റ് ആക്രമണവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരിശോധിച്ച ശേഷം പ്രതികരിക്കുകയായിരുന്നു നാറ്റോ സെക്രട്ടറി ജനറല്‍. നാറ്റോയുടെ പൊളിറ്റിക്കല്‍ കൗണ്‍സിലിന് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ കൈമാറിയിരുന്നു.
റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റ് ആക്രമണത്തില്‍ മുന്‍ ബ്രിട്ടിഷ് ചാരനായ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഗുരുതരമായി വിഷബാധയേറ്റിരുന്നു. മൂന്ന് പേരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ആക്രമണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്ന് ബ്രിട്ടന്‍ പ്രതികരിച്ചിരുന്നു. 23 റഷ്യന്‍ ഡിപ്ലോമാറ്റുകളെ ബ്രിട്ടന്‍ പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ മോസ്‌കോ പ്രതികരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാറ്റോ സഖ്യത്തിന്റെ ശക്തിയേയും ഐക്യത്തെയും വിലകുറച്ചു കണ്ടതുകൊണ്ടാണ് ഇത്തരമൊരു ആക്രമണം നടത്താന്‍ റഷ്യ മുതിര്‍ന്നതെന്ന് ബിബിസി റേഡിയോ-4 ന് നല്‍കിയ അഭിമുഖത്തില്‍ ജെന്‍സ് സ്റ്റോള്‍ട്ടണ്‍ബര്‍ഗ് വ്യക്തമാക്കുന്നു.
ഫ്രാന്‍സ്, ജര്‍മ്മനി, യുഎസ്, യുകെ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ സാലിസ്‌ബെറിയില്‍ നടന്ന ആക്രമണത്തില്‍ റഷ്യയാണെന്ന് ആരോപിച്ചു. ആക്രമണം നടത്താന്‍ ഉപയോഗിച്ചിരിക്കുന്ന നെര്‍വ് ഏജന്റ് നോവിചോക് നിര്‍മ്മിച്ചിരിക്കുന്നത് റഷ്യയിലാണെന്നും പ്രസ്താവനയില്‍ ലോക നേതാക്കള്‍ വ്യക്തമാക്കി. സാലിസ്‌ബെറി ആക്രമണം റഷ്യയുടെ അംഗീകരിക്കാനാകാത്ത നീക്കങ്ങളില്‍ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണെന്നും ക്രീമിയയിലും ഈസ്റ്റേണ്‍ ഉക്രൈനിലും റഷ്യ നടത്തുന്ന അധിനിവേശവും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. നാറ്റോയുടെ സൈനിക ശേഷി മൂന്നിരട്ടിയായി ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആവശ്യമാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സൈനികരെ അയക്കാന്‍ നാറ്റോ റെസ്‌പോണ്‍സ് ഫോഴ്‌സ് തയ്യാറാണ്. യുകെ സര്‍ക്കാരിന് ഏതു വിധ സഹായങ്ങളും നല്‍കാന്‍ നാറ്റോ സഖ്യം തയ്യാറാണെന്ന് സ്റ്റോള്‍ട്ടണ്‍ബര്‍ഗ് വ്യക്തമാക്കുന്നു.
Leave a Reply